ബി ജെ പിയെ വിറപ്പിച്ച് പട്ടീദാര്‍ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേല്‍

മോര്‍ബിയില്‍ നിന്ന്
Posted on: December 3, 2017 12:06 am | Last updated: December 3, 2017 at 12:06 am

രാഹുലിന് പിന്നാലെ ബി ജെ പിയെ വിറപ്പിച്ച് പട്ടീദാര്‍ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേല്‍ പട്ടീദാര്‍ മേഖലയില്‍ മുന്നേറ്റം തുടരുന്നു. മേഖലയിലെ ബി ജെ പിയുടെ പ്രചാരണങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് പട്ടീദാര്‍ ആന്തോളന്‍ സമിതിയുടെ യുവ നേതാവിന്റെ പടയോട്ടം. ആദ്യഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസിന് പിന്നാലെ ബി ജെ പിയെ വെല്ലുവിളിച്ച് പട്ടേലുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മേഖലയില്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്.

സംസ്ഥാനത്ത് പ്രകടമായുള്ള ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ രാഹുലിന് പിന്നാലെ അടുത്തിടെയാണ് ഹര്‍ദിക് പട്ടേലും പട്ടീദാര്‍ ആന്തോളന്‍ സമിതിയും പരസ്യ പ്രചാരണ രംഗത്ത് ചുവടുറപ്പിച്ചത്. മേഖലയില്‍ ജനപങ്കാളിത്തം കുറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് പിന്നാലെയാണ് പട്ടേല്‍ വിഭാഗം തന്നോടൊപ്പമുണ്ടെന്ന് തെളിയിക്കുന്ന കര്‍ഷക റാലിയുമായി ഹര്‍ദിക് പട്ടേല്‍ പരസ്യ പ്രചാരണത്തിന് തുടക്കമിട്ടത്. പട്ടീദാര്‍ സമുദായത്തിന്റെ സ്വാധീന മേഖലയായ സൗരാഷ്ട്രയിലാണ് ഹര്‍ദിക് പ്രധാനമായും പ്രചാരണം കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരങ്ങള്‍ പങ്കടുത്ത മോര്‍ബിയിലിലെ കര്‍ഷക റാലി ഹര്‍ദികിന്റെയും സമുദായത്തിന്റെയും ശക്തി വിളിച്ചോതുന്നതായിരുന്നു. മേഖലയില്‍ ബി ജെ പിക്ക് പ്രചാരണം നടത്താന്‍ പോലും ആളെ കിട്ടാത്ത സ്ഥലത്താണ് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ആയിരിക്കണക്കിന് കര്‍ഷകരെ അണി നിരത്തി ഹര്‍ദിക് പട്ടേല്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഒപ്പം യുവജനങ്ങളുടെ പിന്തുണയുണ്ടെന്ന് തെളിയിച്ച് ഹര്‍ദികിന്റെ ഫേസ്ബുക്ക് പേജ് എട്ട് ലക്ഷം ലൈക്കുകള്‍ നേടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഹര്‍ദികിന്റെ ലൈവ് പ്രസംഗം 35.28 ലക്ഷം ജനങ്ങള്‍ ഫേസ് ബുക്ക് പേജിലൂടെ കണ്ടുകഴിഞ്ഞു. എന്നാല്‍ കാല്‍കോടിയിലധികം ലൈക്കുകളുള്ള ബി ജെ പിയുടെ ഫേസ്ബുക്ക് പേജിലെ നരേന്ദ്ര മോദിയുടെ പ്രസംഗം 10 ലക്ഷത്തോളം പേര്‍ മാത്രമാണ് കണ്ടത്.

കൊണ്ടുപിടിച്ച പ്രചാരണങ്ങളിലൂടെ പ്രതിച്ഛായയുണ്ടാക്കിയെടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ബി ജെ പിയുടെ ഐ ടി സെല്ലിനെയും ഞെട്ടിച്ചിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഹര്‍ദികിന് ലഭിക്കുന്ന പിന്തുണ. നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിലേക്കെത്തിയ 2014ലെ പൊതുതരിഞ്ഞെടുപ്പില്‍ അദ്ദേഹം ഗുജറാത്തികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് ഹര്‍ദിക് പട്ടേല്‍ തന്റെ പ്രസംഗം തുടങ്ങുന്നത്. പരുത്തി കര്‍ഷകരുടെ പ്രശ്‌നങ്ങളുള്‍പ്പെടെ മോദി പാലിക്കാതെ പോയ വാഗ്ദാനങ്ങള്‍ നിരത്തിയുള്ള പ്രസംഗത്തിലൂടെ കര്‍ഷകരോടുള്ള വഞ്ചന തുറന്നു കാണിക്കുകയാണ് ഈ യുവ നേതാവ്.
പാരമ്പര്യ വോട്ട്‌ബേങ്കായ പട്ടീദാര്‍മാരുടെ വോട്ടുചോരാതെ നോക്കാന്‍ പാടുപെടുന്ന ബി ജെ പിയെ ഹര്‍ദികിന്റെ മുന്നേറ്റം തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ലൈംഗിക സി ഡി പ്രചരിപ്പിച്ച് ഹര്‍ദികിനെ ഒതുക്കാന്‍ നടത്തിയ ശ്രമം നേരത്തെ തന്നെ പൊളിഞ്ഞിരുന്നു. ഇത് മുന്‍കൂട്ടി കണ്ട ഹര്‍ദിക് ഒരു മുഴം മുമ്പേ എറിഞ്ഞതോടെ ബി ജെ പിയുടെ പ്രചാരണം ഹര്‍ദികിന് അനുകൂലമാകുന്ന സ്ഥിതിയാണ് ഉണ്ടായത്. സി ഡി പ്രചാരണത്തിന് പിന്നില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി വിജയ് രൂപാനിയുമാണെന്ന് പട്ടീദാര്‍ സമുദായത്തെ ബോധ്യപ്പടുത്താന്‍ ഹര്‍ദികിന് കഴിഞ്ഞത് ബി ജെ പിക്ക് വന്‍ തിരച്ചടിയായിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു തവണയും മോര്‍ബിയില്‍ നിന്ന് ബി ജെ പിയെ വിജയിപ്പിച്ച പട്ടീദാര്‍ സമുദായം ഇത്തവണ അതിന് പ്രായശ്ചിത്തം ചെയ്യണമെന്ന ഹര്‍ദികിന്റെ ആഹ്വാനം പട്ടീദാറുമാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് പ്രദേശത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ നിലനില്‍ക്കുന്ന വിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിന് പട്ടീദാര്‍ ആന്തോളന്‍ സമിതി തനിച്ചും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നും പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്.