റോഹിംഗ്യ: ബംഗ്ലാദേശിന് നന്ദി പറഞ്ഞ് മാര്‍പ്പാപ്പ

Posted on: December 1, 2017 9:20 am | Last updated: November 30, 2017 at 11:22 pm

ധാക്ക: റോഹിംഗ്യന്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മ്യാന്മര്‍ സന്ദര്‍ശനത്തിന് ശേഷം ബംഗ്ലാദേശിലെത്തിയ മാര്‍പ്പാപ്പ റോഹിംഗ്യന്‍ വിഷയത്തിലെ അടിയന്തര നടപടിക്ക് ആഹ്വാനം ചെയ്തു. റോഹിംഗ്യന്‍ അഭയാര്‍ഥികളോട് ബംഗ്ലാദേശ് സര്‍ക്കാര്‍ കാണിച്ച കാരുണ്യത്തിന് മാര്‍പ്പാപ്പ നന്ദി അറിയിച്ചു. ക്രിസ്ത്യന്‍ സമൂഹത്തിനും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ ബംഗ്ലാദേശിലുണ്ടാകുന്ന ആക്രമണങ്ങളെയും മാര്‍പ്പാപ്പ അപലപിച്ചു.

മ്യാന്മര്‍ സന്ദര്‍ശനത്തിനിടെ റോഹിംഗ്യന്‍ വിഷയത്തില്‍ മൗനം പാലിച്ച മാര്‍പ്പാപ്പയെ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു.

റോഹിംഗ്യന്‍ പ്രതിസന്ധിയില്‍ നിര്‍ണായകമായ നടപടി സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തണമെന്നും രാഷ്ട്രീയ പരിഹാരം കാണുന്നതിനൊപ്പം ലക്ഷക്കണക്കിന് അഭയാര്‍ഥികളെ പരിപാലിക്കുന്ന ബംഗ്ലാദേശിന് അനിവാര്യമായ സഹായം എത്തിക്കാന്‍ ലോകരാജ്യങ്ങള്‍ സന്നദ്ധമാകണമെന്നും മാര്‍പ്പാപ്പ ഓര്‍മപ്പെടുത്തി.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വിമാനത്താവളത്തിലെത്തിയ മാര്‍പ്പാപ്പക്ക് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്.