ഹാദിയ കേസ് ഉയര്‍ത്തുന്ന സന്ദേഹങ്ങള്‍

Posted on: November 29, 2017 6:08 am | Last updated: November 28, 2017 at 11:17 pm
SHARE

ഹാദിയ എന്ന യുവതിയുടെ അവകാശപോരാട്ടത്തില്‍, പ്രത്യക്ഷത്തില്‍ സന്തുലിതമായ നിര്‍ദേശമാണ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായ താത്കാലിക ഉത്തരവ്. ഹാദിയയുടെ ആവശ്യപ്രകാരം പിതാവിന്റെ വീട്ടുതടങ്കലില്‍ നിന്ന് അവരെ മോചിതയാക്കി സേലത്തെ ഹോമിയോ കോളജില്‍ പഠനം തുടരാന്‍ അനുമതി നല്‍കുകയും മാതാപിതാക്കളില്‍ നിന്ന് ഹാദിയയുടെ രക്ഷാകര്‍തൃത്വം താത്കാലികമായി കോളജ് ഡീനിന് കൈമാറുകയും ചെയ്തത് ഹാദിയക്കും ശഫീനും ആശ്വാസകരമാണ്. മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് മോചനം വേണമെന്നും വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു കോടതി മുമ്പാകെ അവര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍. അതേസമയം ഭര്‍ത്താവ് ശഫീന്‍ ജഹാന്റെ കൂടെ പോകാന്‍ ഹാദിയയെ അനുവദിച്ചില്ലെന്ന് പിതാവ് അശോകനും ആശ്വസിക്കാം. ഇവിടെ ആരും തോറ്റിട്ടില്ല. പക്ഷേ നിതീ വിജയിച്ചോ എന്നതാണ് പ്രശ്‌നം.

പതിനെട്ട് വയസ്സ് കഴിഞ്ഞ ഒരു സത്രീക്ക് ഇന്ത്യന്‍ നിയമ പ്രകാരം ആരെയും ഭര്‍ത്താവായി സ്വീകരിക്കാനുള്ള അവകാശമുണ്ട്. അത്തരമൊരു വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതമോ പങ്കാളിത്തമോ വേണമെന്ന് നിയമമില്ല. എന്നിട്ടും ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹൈക്കോടതി ശഫീനുമായുള്ള അവരുടെ വിവാഹം റദ്ദാക്കിയതിന്റെ പൊരുളെന്താണ്? ഈ വിധിയില്‍ അസാംഗത്യം കണ്ട സുപ്രീം കോടതി ആര്‍ട്ടിക്കിള്‍ 226 പ്രകാരം എങ്ങനെയാണ് ഒരു വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുകയെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തതാണ്. പ്രായപൂര്‍ത്തിയായ, മാനസിക പക്വത പ്രാപിച്ച രണ്ട് പേരുടെ വിവാഹം അവര്‍ സ്ഥലത്തില്ലാതിരിക്കെ അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി റദ്ദാക്കിയതില്‍ നിയമലോകവും അത്ഭുതം കൂറുന്നുണ്ട്. സാധാരണ ഗതിയില്‍ കോടതി ഒരു വിവാഹം അസാധുവാക്കുമ്പോള്‍ ദമ്പതികള്‍ക്ക് നോട്ടീസ് നല്‍കുകയും ഇരുവരുടെയും ഭാഗം കേള്‍ക്കുകയും ചെയ്യാറുണ്ട്. ഇവിടെ ആ തത്വവും കീഴ്‌വഴക്കും എല്ലാം ലംഘിക്കുകയായിരുന്നു.

ഇതുമാതിരി ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങളും സന്ദേഹങ്ങളും മുന്‍വെച്ചാണ് വിവാഹ മോചനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ശഫീന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ നീതിയുക്തമായ ഒരു തീരുമാനം കാണുന്നതിന് പകരം പ്രശ്‌നത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തവും ആ സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പരിശോധിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു പരമോന്നത കോടതി. എന്‍ ഐ എയുടെയും അശോകന്റെയും വാദങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് പുതിയ തലത്തിലേക്കുള്ള കേസിന്റെ ഗതിമാറ്റം. രണ്ട് വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസിനിടയില്‍, ആ കേസിന്റെ തീര്‍പ്പിന് കാലതാമസം വരുന്ന വിധത്തില്‍ വേണമായിരുന്നോ ഇത്തരമൊരു അന്വേഷണം? ശഫീന്‍ ഐ എസ് ഏജന്റാണെന്നാണ് പിതാവ് അശോകന്റെ അഭിഭാഷകരും കേസ് അന്വേഷിക്കുന്ന എന്‍ ഐ എയും പറയുന്നത്. എങ്കില്‍ പോലീസും ഇന്റലിജന്‍സും അതന്വേഷിച്ചു കണ്ടെത്തുകയും നിയമപരമായി നടപടി സ്വീകരിക്കുകയും ചെയ്യുകയല്ലാതെ അവരുടെ വിവാഹവുമായി എന്‍ ഐ എയുടെയും അശോകന്റെയും വാദങ്ങളെ മാത്രം അടിസ്ഥാനമാക്കി കൂട്ടിക്കുഴക്കുന്നതിന്റെ ഔചിത്യം മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള പുരുഷന്മാരെ സ്ത്രീകള്‍ സ്‌നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും രാജ്യത്ത് പതിവ് സംഭവമാണ്. അതിലൊന്നും കാണാത്ത അപകടവും ആശങ്കയും എന്തുകൊണ്ടാണ് ശഫീന്‍- ഹാദിയ ബന്ധത്തില്‍ കോടതിയും ഭരണകൂടവും കാണുന്നത്? ഹാദിയയുടെ മനസ്സും ഇംഗിതവും അറിയാനാണ് കോടതി തിങ്കളാഴ്ച അവരെ വിളിച്ചു വരുത്തിയത്. അന്ന് കേസില്‍ നിശ്ചയിക്കപ്പെട്ട പ്രധാന നടപടിയും അതായിരുന്നു. എന്നിട്ടും എന്‍ ഐ എയുടെ ചില തടസ്സവാദങ്ങളില്‍ പിടിച്ചു ഹാദിയയുടെ മൊഴിയെടുക്കല്‍ നീട്ടിവെക്കാനായിരുന്നു കോടതിയുടെ നീക്കമെന്നതും അവരുടെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച തന്നെ മൊഴിയെടുത്തതെന്നതും ശ്രദ്ധേയമാണ്.

അതാത് കാലത്തെ ഭരണകൂടത്തിന്റെ താത്പര്യം സംരക്ഷിച്ചും അവരുടെ ഇംഗിതങ്ങള്‍ക്ക് വിഘാതമാകാത്ത തരത്തിലുമാണ് കോടതികളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും വിധി പ്രസ്താവങ്ങളും സമീപനങ്ങളുമെന്ന പരാതി സമീപ കാലത്ത് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കോടതികളുടെയും ദേശീയ വനിതാ കമ്മീഷന്റെയും പല നിലപാടുകളും ഈ നിലയില്‍ സംശയിച്ചുപോകുന്നുണ്ട്. ഹാദിയ മാതാപിതാക്കളുടെ തടങ്കലിലായിരിക്കെ കഴിഞ്ഞ മാസം അവരെ സന്ദര്‍ശിച്ച ശേഷം ദേശീയ വനിതാ കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷ രേഖാശര്‍മ മാധ്യമങ്ങളോട് പറഞ്ഞത് മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ഹാദിയ തികച്ചും സന്തോഷവതിയാണെന്നും അവര്‍ക്ക് യാതൊരു സുരക്ഷാ ഭീഷണിയുമില്ലെന്നുമായിരുന്നു. അതേസമയം തിങ്കളാഴ്ച ഹാദിയ കോടതിയില്‍ പറഞ്ഞത്, കഴിഞ്ഞ ഒരു വര്‍ഷമായി അന്യായമായ തടവിലായിരുന്നു താനെന്നും കടുത്ത മാനസിക സമ്മര്‍ദങ്ങളാണ് ഇക്കാലത്ത് അനുഭവിച്ചതെന്നുമാണ്. ഇനിയും മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നില്ല. തിരിച്ച് പോയാല്‍ പീഡനങ്ങള്‍ തുടരുമെന്ന് ഭയപ്പെടുന്നതായും അവര്‍ ആശങ്കപ്പെടുകയുണ്ടായി. എനിക്കെന്റെ ഭര്‍ത്താവിന്റെ കൂടെയാണ് പോകേണ്ടതെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. എങ്കില്‍ ആര്‍ക്കു വേണ്ടിയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് നുണ പറഞ്ഞത്? ഭരണകൂടത്തെ ഭയന്നോ, മറ്റേതെങ്കിലും ബാഹ്യശക്തികള്‍ക്കു വേണ്ടിയോ? ഹാദിയ- ശഫീന്‍ ബന്ധത്തില്‍ ന്യായമായൊരു തീര്‍പ്പിന് വിഘാതം സൃഷ്ടിച്ചു കൊണ്ട് ശഫീനെതിരെ പുതിയ പുതിയ ആരോപണങ്ങളുമായി രംഗത്തു വരുന്ന എന്‍ ഐ എ നിലപാടും സംശയാസ്പദമാണ്.