സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: പാലക്കാട് ഓവറോള്‍ ചാമ്പ്യന്മാര്‍

ശാസ്ത്രത്തില്‍ എറണാകുളം,ഗണിതത്തില്‍ കണ്ണൂര്‍
Posted on: November 26, 2017 8:00 pm | Last updated: November 27, 2017 at 9:56 am
SHARE
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടിയ പാലക്കാട് ജില്ലാ ടീമിന് തൊഴില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ട്രോഫി സമ്മാനിക്കുന്നു – ചിത്രം: ഹസനുൽ ബസ്വരി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 46586 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യന്‍പട്ടം നില നിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന ശാസ്ത്രമേളയിലും പാലക്കാടിനായിരുന്നു ഒന്നാം സ്ഥാനം. 46359 പോയിന്റ് നേടിയ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനവും 46352 പോയിന്റ് നേടിയ കോഴിക്കോട് ജില്ലക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

ശാസ്ത്രമേളയില്‍ 166 പോയിന്റ് നേടിയ എറണാകുളത്തിനാണ് ഒന്നാം സ്ഥാനം. 165 പോയിന്റോടെ കണ്ണൂര്‍ രണ്ടാം സ്ഥാനവും 164 പോയിന്റുമായി പാലക്കാട് മുന്നാം സ്ഥാനവും കരഗതമാക്കി. ഗണിത ശാസ്ത്രമേളയില്‍ കണ്ണൂരിനാണ് ഒന്നാം സ്ഥാനം. 349 പോയിന്റ. കോഴിക്കോടിന് 310 പോയിന്റോടെ രണ്ടാം സ്ഥാനവും 300 പോയിന്റ് നേടിയ മലപ്പുറത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.

സാമൂഹ്യ ശാസ്ത്രമേളയില്‍ കാസര്‍ക്കോട് ,തിരുവനന്തപുരം ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 179 പോയിന്റ് വീതം രണ്ട് ജില്ലകള്‍ക്കും ലഭിച്ചു. 176 പോയിന്റ് നേടിയ തൃശൂരിന് രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ 169 പോയിന്റ് നേടിയ കണ്ണൂരിനാണ് മൂന്നാം സ്ഥാനം. ഐ ടി മേളയില്‍ 113 പോയിന്റുമായി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനവും 110 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനവും 108 പോയിന്റ് നേടി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയില്‍ യു പി വിഭാഗത്തില്‍ 11531 പോയിന്റ് നേടിയ പാലക്കാട് ജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 16498 പോയിന്റ് നേടി മലപ്പുറം ജില്ലയും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 16432 പോയിന്റ് നേടി കോഴിക്കോട് ജില്ലയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സ്‌കൂളുകളില്‍ യു പി വിഭാഗത്തില്‍ ആലപ്പുഴ സെന്റ് ജോസഫ്‌സ് ജി എച്ച് എസ് എസും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ഗുരുകുലം സ്‌കൂളും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ വയനാട് ദ്വാരക എസ് എച്ച് എസ് എസും ഒന്നാം സ്ഥാനങ്ങള്‍ നേടി. പ്രദര്‍ശന സ്റ്റാളുകളുടെ മത്സരത്തില്‍ പാലക്കാടിനാണ് ഒന്നാം സ്ഥാനം. ആലപ്പുഴക്ക് രണ്ടും തിരുവനന്തപുരം ജില്ലക്ക് മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു.ഗണിത മേളയില്‍ മികച്ച സ്‌കൂളിനുള്ള ട്രോഫി കണ്ണൂര്‍ മമ്പറം ഹയര്‍സെക്കണ്ടറി സ്‌കൂളിന് ലഭിച്ചു.

സമാപന സമ്മേളനം തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിയും അദ്ദേഹം സമ്മാനിച്ചു. ശാസ്ത്രമേളയിലും ഗണിത ശാസ്ത്രമേളയിലും ചാമ്പ്യന്മാരായ ജില്ലകള്‍ക്കുള്ള ട്രോഫി തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സമ്മാനിച്ചു. എ പ്രദീപ്കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.നാല് ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയില്‍ ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.