Connect with us

National

ഭീകരവാദം മനുഷ്യകുലത്തിന് ഭീഷണി; 26/11 ഇരകളെ അനുസ്മരിച്ച് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകരവാദം മനുഷ്യകുലത്തിന് ആകമാനം ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ ഒന്‍പതാം വാര്‍ഷിക ദിനത്തില്‍ നടത്തിയ മന്‍കി ബാത്ത് റേഡിയോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ പിടിച്ചുലച്ച മുംബെ ഭീകരാക്രമണത്തെ ഇന്ത്യ മറക്കില്ല. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ക്ക് പ്രണാമമര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരതയെ ലോകം ഒരുമിച്ച് തോല്‍പ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഭീകരതയെ കുറിച്ച് നാല് പതിറ്റാണ്ടുകളായി ഇന്ത്യ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തുടക്കത്തില്‍ ഇത് കേള്‍ക്കാന്‍ ലോകം തയ്യാറായില്ല. ഇപ്പോള്‍ അവര്‍ ഭീകരതയുടെ ഭവിഷ്യത്ത് അനുഭവിക്കുകയാണ് – പ്രധാനമന്ത്രി വ്യക്തമാക്കി.

നവംബര്‍ 26 ഇന്ത്യയുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയ ദിവസംകൂടിയാണ്. വിവിധ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ എല്ലാവരുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഭരണഘടന തയ്യാറാക്കിയത്. ഈ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പുതിയ ഒരു ഇന്ത്യ ഉണ്ടാക്കേണ്ടത് നാം എല്ലാവരുടെയും കര്‍ത്തവ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നബിദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന വിശ്വാസികള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

ഗുജറാത്തിൽ അമിത്ഷായും കൂട്ടരും ചായ കുടിച്ച് മൻകി ബാത്ത് ശ്രവിക്കുന്നു

പ്രധാനമന്ത്രിയെ ചായ് വാല എന്ന് വിളിച്ചുപരിഹസിച്ച കോണ്‍ഗ്രസിന് മറുപടിയായി ഗുജറാത്തില്‍ അമിത്ഷായും കൂട്ടരും ചായ കുടിച്ചാണ് മന്‍കി ബാത്ത് കേട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായായിരുന്നു പരിപാടി.

Latest