Connect with us

National

മോദിയെ വെല്ലുവിളിച്ച് സൗരാഷ്ട്ര മേഖലയില്‍ രാഹുലിന്റ പടയോട്ടം

Published

|

Last Updated

രണ്ട് പതിറ്റാണ്ട് നീണ്ട ഭരണത്തിനൊടുവില്‍ അടിത്തറയിളകിയ ബി ജെ പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സൗരാഷ്്ട്ര മേഖലയില്‍ പടയോട്ടം തുടങ്ങി. പോര്‍ബന്തറില്‍ മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് സൗരാഷ്ട്രയിലെ തീരദേശ മേഖലയിലെ പോര്‍ബന്തര്‍ കടപ്പുറത്ത് ആയിരങ്ങള്‍ അണിനിരന്ന മഹാറാലിയെ അഭിസംബോധന ചെയ്തത്.

ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ അര്‍ജുന്‍ മോന്ത്‌വാലിയ മത്സരിക്കുന്ന മണ്ഡലമായ പോര്‍ബന്തറില്‍ നടന്ന റാലിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് പേര്‍ പങ്കടുത്തിരുന്നു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍, ഫിഷറീസിനു വേണ്ടി പ്രത്യേക മന്ത്രാലയം തുടങ്ങുമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കിക്കൊണ്ടാണ് രാഹുല്‍ പ്രസംഗം തുടങ്ങിയത്. സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരെ കടുത്ത രൂക്ഷ വിമര്‍ശമുന്നയിച്ച രാഹുല്‍ പ്രധാനമന്ത്രിയെയും ബി ജെ പിയെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കേന്ദ്രത്തിലും ഗുജറാത്തിലും ബി ജെ പിയുടെ ഭരണത്തിന്റെ പ്രായോജകര്‍ വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണെന്നും സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും മോദി ഭരണത്തില്‍ പുറത്താണെന്നും കുറ്റപ്പെടുത്തിയ രാഹുല്‍ രാജ്യത്തെ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സബ്‌സിഡി ഇനത്തില്‍ നല്‍േകണ്ട കോടികളാണ് ടാറ്റ, അദാനി ഉള്‍പ്പെടെയുളള വന്‍കിടക്കാര്‍ക്ക് വകമാറ്റി നല്‍കിയിരിക്കുന്നതന്നും ആരോപിച്ചു.

ഗുജറാത്തില്‍ ടാറ്റക്ക് നാനോ കാര്‍ ഫാക്ടറി തുടങ്ങാന്‍ നല്‍കിയതുള്‍പ്പെടെ കുത്തകകള്‍ക്കു നല്‍കിയ പണമുപയോഗിച്ച് പാവപ്പെട്ട അഞ്ച് ലക്ഷം പേര്‍ക്കു സബ്‌സിഡി നല്‍കാമായിരുന്നുവന്നും രാഹുല്‍ പറഞ്ഞു. പട്ടേല്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയില്‍ പട്ടേലുകള്‍ മാത്രം വിധിനിര്‍ണയിക്കുന്ന ഇരുപത്തിനടുത്ത് സീറ്റുകളുണ്ട്.

നിലവിലെ സാഹചര്യത്തില്‍ പട്ടേല്‍ സമുദായം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിനാല്‍ ഈ മേഖലയില്‍ നിന്ന് കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ മൂന്നുതവണയും പട്ടേലുകളുടെ പിന്തുണ ലഭിച്ചുപോന്ന ബി ജെ പിക്ക് ഈ വിഭാഗത്തിന്റെ എതിര്‍പ്പ് ചെറുതല്ലാത്ത തലവേനയുണ്ടാക്കുമെന്ന് വ്യക്തമായറിയുന്ന പ്രധാനമന്ത്രി സൗരാഷട്ര മേഖലയില്‍ കൂടുതല്‍ റാലികളില്‍ പങ്കെടുക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്. ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ സൗരാഷ്ട്ര മേഖലയിലെ മണ്ഡലങ്ങളുമുള്‍പ്പടും. രണ്ടാം ഘട്ട പ്രചാരണത്തിന്റ ഭാഗമായി ഒരാഴ്ചക്കാലം തുടര്‍ച്ചയായി മണ്ഡലത്തില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി മേഖലയിലെ സമുദായ നേതാക്കളെയും മത്സ്യത്തൊഴിലാളി നേതാക്കളെയും കണ്ട് ആശയവിനിമയം നടത്തിയും പുണ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുമാണ് പര്യടനം നടത്തുന്നത്. ആദ്യഘട്ടത്തില്‍ വ്യാപകമായ പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധി രണ്ടാംഘട്ടത്തില്‍ മണ്ഡലങ്ങള്‍ തിരിച്ചുള്ള പ്രചാരണത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്.

പട്ടേല്‍ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കിയതോടെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് നിലവില്‍ അനുകൂലമായ കാലാവസ്ഥായണുള്ളത്. ഒപ്പം മറ്റു പിന്നാക്ക വിഭാഗങ്ങളുടെ നേതാവ് അല്‍പേഷ് താക്കൂര്‍ പാര്‍ട്ടിക്കൊപ്പം നിലകൊള്ളുകയും ദലിത് നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചതും കോണ്‍ഗ്രസിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചുണ്ട്. ഡിസംബര്‍ ഒമ്പതിന് നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ 90 മണ്ഡലങ്ങളിലേക്ക് 14ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 27 ആണ്. 28ന് സൂക്ഷ്മ പരിശോധന ടക്കും.

 

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest