Connect with us

Kerala

എകെ ശശീന്ദ്രനെ വീണ്ടു‌ം മന്ത്രിയാക്കണമെന്ന് എൻസിപി

Published

|

Last Updated

കൊച്ചി: ഫോണ്‍ കെണിയെ തുടര്‍ന്ന് രാജിവെച്ച മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായി കൂടിക്കാഴ്ചക്ക് ശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഫോണ്‍ കെണി കേസ് അന്വേഷിച്ച ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ ശശീന്ദ്രന് ആശ്വാസകരമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരുന്നത്. ശശീന്ദ്രനെ ചാനല്‍ കെണിയില്‍ കുടുക്കിയതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും ജസ്റ്റിസ് പിഎസ് ആന്റണി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിക്കാന്‍ എന്‍സിപി വീണ്ടും ശ്രമം തുടങ്ങിയത്.

അതേസമയം, ശശീന്ദ്രനെ മന്ത്രിയാക്കുന്നതിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അക്കാര്യം താന്‍ ഒറ്റക്ക് തീരുമാനിച്ചാല്‍ പോരെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ ശശീന്ദ്രനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഎം സുധീരനും ആവശ്യപ്പെട്ടു. ശശീന്ദ്രന്‍ രാജിവെക്കുമ്പോള്‍ ഏത് അവസ്ഥയാണോ ഉള്ളത് ആ അവസ്ഥയാണ് ഇപ്പോഴും ഉള്ളതെന്ന് സുധീരന്‍ പറഞ്ഞു.

Latest