Connect with us

Ongoing News

വഖഫ് ബോര്‍ഡ് സുതാര്യതയിലേക്ക്

Published

|

Last Updated

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട് കൊണ്ടുള്ള ഓര്‍ഡിനന്‍സിനെച്ചൊല്ലി ചില മുസ്‌ലിം സംഘടനകളുടെ ഒരു യോഗം കോഴിക്കോട്ട് ചേര്‍ന്ന് ആശങ്ക പങ്കുവെച്ചത് പത്രങ്ങള്‍ മുഖേനയാണ് ഞാനും അറിഞ്ഞത് . ഇത്തരമൊരു യോഗം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്ന് പറയാതെ വയ്യ. യോഗത്തിന്റെ സംഘാടകര്‍ ഞാനുമായി നല്ല വ്യക്തിബന്ധം പുലര്‍ത്തുന്നവരാണ്. വകുപ്പ് മന്ത്രി എന്ന നിലയില്‍ എന്നോടൊന്ന് അന്വേഷിച്ചിരുന്നെങ്കില്‍ ഇത്തരമൊരു യോഗത്തിന്റെ തന്നെ ആവശ്യം ഉണ്ടാകുമായിരുന്നുവെന്ന് തോന്നുന്നില്ല .

വഖഫ് ബോര്‍ഡും ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളും അംഗീകരിച്ച പ്രകാരമാണ് ഇത്തരമൊരു തീരുമാനത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്. ദേവസ്വം ബോര്‍ഡ് നിയമനവും പി എസ് സിക്ക് വിടുകയാണെങ്കില്‍ എന്ന വ്യവസ്ഥയോടെയല്ല വഖഫ് ബോര്‍ഡോ ഇതിനെ അനുകൂലിച്ച മുസ്‌ലിം സംഘടനകളോ പ്രസ്തുത നിര്‍ദ്ദേശത്തെ അംഗീകരിച്ചത്. രണ്ട് കാര്യങ്ങളാണ് ബോര്‍ഡ് പറഞ്ഞത്. ഒന്ന് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ക്കേ നിയമനം ലഭിക്കാവൂ. രണ്ട് നിലവില്‍ സ്‌കേല്‍ ഓഫ് പേയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിതരായി ഏഴ് വര്‍ഷം തികയാത്തത് കൊണ്ട് സ്ഥിരപ്പെടാത്ത ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കണം. മുഖ്യമന്ത്രി ന്യായമായ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചാണ് ഫയലില്‍ ഒപ്പ് വെച്ചിട്ടുള്ളത്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ ഇക്കാലമത്രയും നടന്നത് എംപ്ലോയ്‌മെന്റെ എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ്. എഴുത്തു പരീക്ഷയൊന്നുമില്ലാതെ ഓരോ സമയത്തുള്ള ബോര്‍ഡുകള്‍ തന്നിഷ്ടം പോലെ എംപ്ലോമെന്റ് ലിസ്റ്റില്‍ നിന്ന് സ്വന്തക്കാരെ പല പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിയമിച്ച് പോന്നു. നല്ല യോഗ്യതയുള്ള മുസ്‌ലിം യുവതീയുവാക്കള്‍ക്ക് ഒരാളുടെയും ശിപാര്‍ശയില്ലാതെ ഇനി വഖഫ് ബോര്‍ഡില്‍ നിയമിതരാകാം.

22 തസ്തികകളിലേക്ക് നിയമനം നടക്കാനിരിക്കെ ചിലരുടെ തന്നിഷ്ടം നടക്കില്ലെന്ന തിരിച്ചറിവാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രാപ്തരായ സ്റ്റാഫ് ഉണ്ടാവണം. പല പള്ളി മദ്‌റസ തര്‍ക്കങ്ങളിലും ജീവനക്കാര്‍ കക്ഷി ചേരുന്ന സ്ഥിതി നിലവിലുണ്ട്. പല കേസുകളിലും ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്നതും പതിവാണ്. ഇതു മൂലം ചില പ്രത്യേക സംഘടനകളുടെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുകയും പലര്‍ക്കും ന്യായമായത് നിഷേധിപ്പെടുകയും ചെയ്യുന്ന സാഹചര്യം ജീവനക്കാരുടെ അതിരു കടന്ന പാര്‍ട്ടീ പക്ഷപാതിത്വം കാരണം ബോര്‍ഡില്‍ നടക്കുന്നുവെന്നത് നിഷേധിക്കാവതല്ല .
ദേവസ്വം ബോര്‍ഡ് നിയമനം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ബോര്‍ഡാണ് നടത്തുന്നത്. ഹൈന്ദവ സമുദായത്തില്‍ വിവിധ ജാതികള്‍ ഉള്ളതിനാല്‍, ഓരോ വിഭാഗത്തിനും അവരവരുടെ ജനസംഖ്യക്ക് ആനുപാതികമായും മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ദേവസ്വം ബോര്‍ഡില്‍ ജോലി ഉറപ്പാക്കേണ്ടതിനാല്‍ പി എസ് സിനിയമനം നിലവിലുള്ള സംവരണ തത്ത്വങ്ങളനുസരിച്ച് പ്രായോഗികമല്ല . വഖഫ് ബോര്‍ഡ് നിയമനം പബ്ലിക്ക് സര്‍വീസ് കമ്മീഷന് വിട്ട അതേ മന്ത്രിസഭാ യോഗത്തിലാണ് ദേവസ്വം ബോര്‍ഡില്‍ ഈഴവ സംവരണം 14 ശതമാനത്തില്‍ നിന്ന് 18 ശതമാനം ആക്കി ഉയര്‍ത്തിയത്. ഹിന്ദു സമുദായത്തിലെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതും മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സംവരണം മൂന്ന് ശതമാനത്തില്‍ നിന്ന് ആറ് ആക്കി ഉയര്‍ത്തി തീരുമാനമെടുത്തതും അതേ മന്ത്രിസഭാ യോഗമാണ്. അധഃസ്ഥിതര്‍ക്ക് വേദ പാണ്ഡിത്യത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളില്‍ പൂജാരി നിയമനം നല്‍കിക്കൊണ്ട് ഇക്കാലമത്രയും നിലനിന്ന് പോന്ന സമ്പ്രദായം തകര്‍ത്തെറിഞ്ഞ് നിയമനം നല്‍കി ചരിത്രമിട്ടതും എല്‍ ഡി എഎഫ് സര്‍ക്കാറാണെന്നത് ആരും മറന്ന് പോകരുത് . മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അവര്‍ക്കിടയില്‍ ജാതികള്‍ ഇല്ലാത്തതിനാല്‍ വഖഫ് ബോര്‍ഡിലെ നിയമനത്തിന് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കിയാലും പി എസ് സിയിലൂടെയായാലും സമാനമാണ് .

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോടോ മത സംഘടനകളോടോ ചേര്‍ന്ന് നിന്നില്ലെങ്കില്‍ വഖഫ് ബോര്‍ഡില്‍ നിയമനം കിട്ടില്ലെന്ന അവസ്ഥക്ക് വിരാമം കുറിക്കാനാണ് ഈ നിയമ ഭേദഗതി . മുസ്‌ലിം സമുദായത്തിലെ മിടുക്കരായ ഉദ്യോഗാര്‍ഥികള്‍ക്ക് ആരുടെയും വക്കാലത്തില്ലാതെ പ്രാപ്തിയുടെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡില്‍ ജോലി ഉറപ്പ് വരുത്താനുള്ള ചരിത്രപരമായ തീരുമാനത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. ആര്‍ക്കെങ്കിലും വല്ല തെറ്റിദ്ധാരണകളുമുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ അത് പരിഹരിക്കാന്‍ സര്‍ക്കാറിന് തുറന്ന മനസ്സാണുള്ളത്.

 

 

Latest