Connect with us

Kerala

കോഴിക്കോട് ആകാശവാണി വാര്‍ത്താ വിഭാഗം അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

Published

|

Last Updated

കോഴിക്കോട്: ആകാശവാണി കോഴിക്കോട് വാര്‍ത്താ വിഭാഗം അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. അര നൂറ്റാണ്ടിലേറെയായി മലയാളിയുടെ ദിനചര്യയുടെ ഭാഗമായ വാര്‍ത്താ പ്രക്ഷേപണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ താഴിടുന്നത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അഖില കേരളാ റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എം പിമാര്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും നീക്കത്തിന് എതിരെ രംഗത്ത് വന്നു.

സ്തുത്യര്‍ഹവും ലാഭകരവുമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആകാശവാണി കോഴിക്കോട് ന്യൂസ് യൂനിറ്റ് അടച്ചുപൂട്ടാന്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പ്രസാര്‍ ഭാരതി തീരുമാനമെടുത്തത്. രാജ്യത്തെ ഏഴ് വാര്‍ത്താ യൂനിറ്റുകള്‍ അടച്ചുപൂട്ടാനായിരുന്നു അന്ന് പ്രസാര്‍ ഭാരതിയുടെ തീരുമാനം. ഇതില്‍ ഉള്‍പ്പെട്ട ഇന്‍ഡോര്‍ റീജ്യണല്‍ ന്യൂസ് യൂനിറ്റിന്റെ പ്രവര്‍ത്തനം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവസാനിപ്പിച്ചു. കോഴിക്കോട് യൂനിറ്റാണ് അടുത്തതായി അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. ഇതിനായി കടലാസ് നടപടിക്രമങ്ങള്‍ മന്ത്രാലയം ആരംഭിച്ചതായാണ് സൂചന. നേരത്തെ ശക്തമായ പ്രതിഷേധത്തെ തുടന്ന് കോഴിക്കോട് യൂനിറ്റ് അടച്ചുപൂട്ടില്ലെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ നീക്കം വീണ്ടും സജീവമായിരിക്കുകയാണ്.

ഘട്ടംഘട്ടമായി കോഴിക്കോട് യൂനിറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള കുടിലനീക്കമാണ് പ്രസാര്‍ ഭാരതി നടത്തിയത്. ആദ്യം കോഴിക്കോട്ടെ കറസ്‌പോണ്ടന്റിനെ തിരുവനന്തപുരം ദൂരദര്‍ശനിലേക്ക് സ്ഥലം മാറ്റി. പിന്നാലെ പോസ്റ്റ് എടുത്തുകളയുകയും ചെയ്തു. വാര്‍ത്താ വിഭാഗത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടറും രണ്ട് വാര്‍ത്താ അവതാരകരും ഒരു സ്‌റ്റെനോഗ്രാഫറുമാണ് കോഴിക്കോട്ടെ വാര്‍ത്താ വിഭാഗത്തില്‍ ഇപ്പോള്‍ ശേഷിക്കുന്നത്. ഇവരില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഈ മാസം അവസാനം വിരമിക്കാനിരിക്കുകയാണ്. ഇതോടുകൂടി വാര്‍ത്താ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താനും വാര്‍ത്താ അവതാരകരെ തിരുവനന്തപുരം ക്യാപിറ്റല്‍ സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റാനുമാണ് പ്രസാര്‍ ഭാരതി ലക്ഷ്യമിടുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ വിരമിക്കുന്നതിന്റെ തൊട്ടുതലേദിവസം യൂനിറ്റ് പൂട്ടിക്കൊണ്ട് ഉത്തരവിറക്കുകയും പ്രതിഷേധങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് പ്രസാര്‍ ഭാരതി പയറ്റിയത്. നേരത്തെ പൂട്ടാന്‍ നിശ്ചയിച്ചിരുന്ന ഇന്‍ഡോറിലെ വാര്‍ത്താ വിഭാഗം പൂട്ടിയത് ഈ രീതിയിലായിരുന്നു.

മലബാറില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് തിരുവനന്തപുരത്ത് നിന്നുള്ള ആകാശവാണി നിലയത്തില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ശക്തമായ സാഹചര്യത്തിലാണ് 1966ല്‍ കോഴിക്കോട് വാര്‍ത്താ വിഭാഗം ആരംഭിച്ചത്. ആകാശവാണിയുടെ പരിപാടികള്‍ സംബന്ധിച്ച് ശ്രോതാക്കളില്‍ നിന്ന് ഫീഡ്ബാക്ക് ശേഖരിക്കുന്ന ഓഡിയന്‍സ് റിസര്‍ച്ച് വിംഗിന്റെ വിലയിരുത്തലില്‍ സംസ്ഥാനത്ത് മുമ്പന്തിയിലുള്ളത് രാവിലെ 6.45ന് കോഴിക്കോട്ട് നിന്ന് പ്രക്ഷേപണം ചെയ്യുന്ന പ്രാദേശിക വാര്‍ത്തകളാണ്.

വര്‍ഷങ്ങളായി റേറ്റിംഗില്‍ മുന്നിട്ടുനില്‍ക്കുന്ന കോഴിക്കോട്ടെ വാര്‍ത്താപ്രക്ഷേപണത്തിലൂടെ പ്രതിവര്‍ഷം രണ്ടര കോടി രൂപയുടെ പരസ്യവരുമാനം പ്രസാര്‍ ഭാരതിക്ക് ലഭിക്കുന്നുണ്ട്. യൂനിറ്റിന്റെ പ്രതിവര്‍ഷ പ്രവര്‍ത്തന ചെലവ് 40 ലക്ഷത്തില്‍ താഴെയാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നിലയം അടച്ചുപൂട്ടാനുള്ള നീക്കം മലബാറിനോടുള്ള അവഗണനയാണെന്നും വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച നടപടിയും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു.

നിലവില്‍ ഏഴ് വാര്‍ത്താ ബുള്ളറ്റിനുകളാണ് കോഴിക്കോട്ട് നിലയത്തില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നത്. പത്ത് മിനിട്ട് വീതമുള്ള രണ്ട് ബുള്ളറ്റിനുകള്‍ക്ക് പുറമേ രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള അഞ്ച് എഫ് എം പ്രധാനവാര്‍ത്തകളും ന്യൂസ് യൂനിറ്റില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇതുകൂടാതെ ആനുകാലിക സംഭവങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്താതരംഗിണി, വാര്‍ത്താ പത്രിക, ജില്ലാ വൃത്താന്തം എന്നീ വാര്‍ത്താധിഷ്ഠിത പരിപാടികളും പ്രക്ഷേപണം ചെയ്യുന്നു.

സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ 60 താത്കാലിക ജീവനക്കാരും കോഴിക്കോട്ടെ വാര്‍ത്താ കേന്ദ്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യൂനിറ്റ് അടച്ചുപൂട്ടുന്നത് തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക താത്കാലിക ജീവനക്കാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. കോഴിക്കോട് വാര്‍ത്താവിഭാഗം അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്ന് മന്ത്രാലയം പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം കെ രാഘവന്‍ എം പി, കെ എന്‍ എ ഖാദര്‍ എം എല്‍ എ, അഖില കേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ എസ് കെ ആലപ്പാട്ട് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ നേരില്‍ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.

 

---- facebook comment plugin here -----

Latest