Connect with us

Eranakulam

വിവേക് തന്‍ഖക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കരിങ്കൊടി

Published

|

Last Updated

കൊച്ചി: കായല്‍ കൈയേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കായി ഹാജരാകാനെത്തിയ അഭിഭാഷകനും കോണ്‍ഗ്രസ് രാജ്യസഭാ അംഗവുമായ വിവേക് തന്‍ഖയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. താജ് ഹോട്ടലില്‍ നിന്ന് ഹൈക്കോടതിയിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

തന്‍ഖയുടെ കാര്‍ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങിയതോടെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. അദ്ദേഹത്തിന്റെ വാഹനത്തിന് മുകളില്‍ ചാടിക്കയറുകയും കാറിലിടിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്ത പ്രവര്‍ത്തകരെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തോമസ് ചാണ്ടിക്കായി തന്‍ഖ ഹാജരാകാനെത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

കോടതിയില്‍ ഹാജരാകരുതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തോമസ് ചാണ്ടിക്കുവേണ്ടി വാദിക്കുന്നത് അഭിഭാഷനെന്ന തൊഴിലിന്റെ ഭാഗമായാണെന്നും തോമസ് ചാണ്ടി തന്റെ വളരെക്കാലമായുള്ള സുഹൃത്താണെന്നുമായിരുന്നു തന്‍ഖയുടെ വാദം.

 

Latest