ഇസില്‍ ബന്ധം; സലഫി വിഭാഗത്തെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷിക്കുന്നു

Posted on: November 10, 2017 12:40 am | Last updated: November 9, 2017 at 11:54 pm
SHARE

വണ്ടൂര്‍: ഭീകര സംഘടന ഇസിലിലേക്ക് യുവാക്കളെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം തീവ്ര സലഫീ വിഭാഗത്തിലേക്കും. ഒക്ടോബര്‍ 25ന് കണ്ണൂര്‍ വളപ്പട്ടണത്ത് ഇസില്‍ ബന്ധത്തിന്റെ പേരില്‍ പിടിയിലായ യു കെ ഹംസ എന്ന താലിബാന്‍ ഹംസയുടെ കുറ്റസമ്മത മൊഴിയില്‍ നിന്നാണ് എട്ട് പേരുള്‍പ്പെടയുള്ള ബഹ്‌റൈന്‍ ഗ്രൂപ്പിനെക്കുറിച്ച് പോലീസിന് കൂടുതല്‍ വിവരം ലഭിക്കുന്നത്. ഈ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട വണ്ടൂര്‍ സ്വദേശി മുഖദ്ദിസ്, കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ്, വടകര സ്വദേശി മന്‍സൂര്‍ എന്നിവര്‍ മാസങ്ങള്‍ക്ക് മുമ്പ് സിറിയയില്‍ കൊല്ലപ്പെട്ടതായി സംസ്ഥാന ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇസില്‍ ബന്ധമുള്ളവരില്‍ കേരളത്തിലെ പ്രധാനിയായി കണക്കാക്കപ്പെടുന്ന യു കെ ഹംസയുടെ അറസ്‌റ്റോടെയാണ് പോലീസ് ഇക്കാര്യം ഏറെക്കുറെ സ്ഥിരീകരിച്ചത്. ഇവരെല്ലാവരും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.

ഇസിലിന്റെ പ്രചാരണത്തിനായി ബഹ്‌റൈനില്‍ രൂപം കൊണ്ട ഗ്രൂപ്പില്‍ എട്ട് മലയാളികള്‍ ചേരാന്‍ തീരുമാനിച്ചത് ഹംസയുടെ നിര്‍ദേശ പ്രകാരമായിരുന്നെന്നാണ് വിവരം. പെരിന്തല്‍മണ്ണയില്‍ പ്രത്യേക യോഗം ചേര്‍ന്നാണ് ഇവര്‍ സിറിയയിലേക്ക് പോകാന്‍ തീരുമാനമെടുത്തത്. ഇത് കൂടാതെ വണ്ടൂര്‍ വാണിയമ്പലത്ത് സലഫി നേതാവ് അശ്‌റഫ് മൗലവിയുടെ വീട്ടിലും പെരുമ്പാവൂരിലുമടക്കം ഇവര്‍ യോഗം ചേര്‍ന്നതായുള്ള വിവരങ്ങള്‍ ഹംസയുടെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ഡി വൈ എസ് പി. പി പി സദാനന്ദന്‍ നോര്‍ത്ത് സോണ്‍ എ ഡി ജി പി രാജേഷ് ദിവാന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബഹ്‌റൈനിലെ മുജാഹിദ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള അല്‍ അന്‍സാര്‍ സലഫി സെന്റര്‍ കേന്ദ്രീകരിച്ചാണ് താലിബാന്‍ ഹംസ ഇസിലിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നതെന്നാണ് വിവരം. ഇസില്‍ കേസുകളുമായി ബന്ധപ്പെട്ട് മുമ്പും ബഹ്‌റൈനിലെ സലഫി സെന്ററിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്‌ലാമിക് ഗ്ലോബല്‍ മിഷന്റെ നേതൃത്വത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സിറിയയില്‍ കൊല്ലപ്പെട്ട വണ്ടൂര്‍ സ്വദേശിയുടെ സഹോദരന്‍ നല്‍കിയ മൊഴിയിലും സലഫി സെന്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മലയാളികളായ രണ്ട് സലഫി പണ്ഡിതരെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. അശ്‌റഫ് മൗലവി, സഫീര്‍ പെരുമ്പാവൂര്‍ എന്നിവരാണ് ഇതെന്നാണ് പോലീസ് നിഗമനം. നേരത്തെ എന്‍ ഐ എ നിരീക്ഷണത്തിലുണ്ടായിരുന്ന ഇവര്‍ മുജാഹിദ് ഔദ്യോഗിക വിഭാഗത്തിലും, വിസ്ഡം വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹുസൈന്‍ സലഫി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയ കേരളത്തിലെ മുതിര്‍ന്ന മുജാഹിദ് നേതാക്കള്‍ സ്ഥിരമായി ക്ലാസെടുക്കാന്‍ എത്തുന്ന സ്ഥലമാണ് ബഹ്‌റൈനിലെ അല്‍അന്‍സാര്‍ ഇസ്‌ലാമിക് സെന്റര്‍.
അതേസമയം, അല്‍ അന്‍സാര്‍ സെന്റര്‍ അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആരോപണം ആസൂത്രിതമെന്നും തീവ്ര നിലപാടുള്ളവരെ തിരിച്ചറിഞ്ഞ് നടപടിയെടുത്തിട്ടുണ്ടെന്നും അല്‍ അന്‍സാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എന്നാല്‍, അല്‍ അന്‍സാര്‍ സെന്ററില്‍ ക്ലാസ്സിനെത്തുന്നവര്‍ക്കിടയില്‍ തീവ്ര ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഇവരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പലായനം നിര്‍ബന്ധമാണെന്ന് ചില സലഫി പണ്ഡിതര്‍ യുവാക്കള്‍ക്ക് ക്ലാസെടുത്തിരുന്നു. ഇതിനെ ചൊല്ലി ഇസ്‌ലാഹി സെന്ററില്‍ രൂക്ഷമായ വാഗ്വാദങ്ങളും പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു.

തീവ്ര ആശയം പ്രചരിപ്പിച്ചവരെന്ന് കരുതുന്ന അശ്‌റഫ് മൗലവിയെയും സഫീര്‍ പെരുമ്പാവൂരിനെയും കൂടാതെ തീവ്രവാദം കുത്തിവെക്കാനായി വേറെയും പണ്ഡിതര്‍ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ക്ലാസുകളില്‍ സ്ഥിരമായി എത്തിയവരാണ് ഇസിലില്‍ പോയതെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. ഇപ്പോള്‍ പോലീസ് കേസെടുത്തവരിലെ സലഫി പണ്ഡിതരും അല്‍അന്‍സാര്‍ സെന്ററില്‍ ഏറെ നാള്‍ പ്രവര്‍ത്തിച്ചവരാണ്.