Connect with us

Gulf

പുസ്തകോത്സവ ഓര്‍മകള്‍ക്ക് ത്രിമാന ചാരുതയേകാന്‍ സോഷ്യല്‍ മീഡിയ ടീം

Published

|

Last Updated

ഐ ബൂത്ത് മി സംവിധാനത്തിലെടുത്ത ത്രിമാന ചിത്രം

ഷാര്‍ജ: പുസ്തകോത്സവ വേദിയിലെ അവിസ്മരണീയ നിമിഷങ്ങള്‍ക്ക് ദൃശ്യ ചാരുതയേകാന്‍ ഷാര്‍ജ ബുക് അതോറിറ്റിയുടെ ത്രിമാന ദൃശ്യ മികവും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അക്ഷര പ്രേമികളുടെ പുസ്തകോത്സവ വേദിയിലെ അവിസ്മരണീയതക്ക് മിഴിവേകുന്നതിനാണ് ഷാര്‍ജ ബുക് അതോറിറ്റി ത്രിമാന ചിത്രങ്ങള്‍ ഒരുക്കാവുന്ന ഐ ബൂത്ത് മി സംവിധാനവുമായി അക്ഷരാസ്വാദകരെ ആകര്‍ഷിക്കുന്നത്. ത്രിമാന ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് 11 ക്യാമറകള്‍ ഈ സംവിധാനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഒരൊറ്റ ഫ്രെയിമില്‍ 180 ഡിഗ്രിയില്‍ കാണാം എന്നതാണ് ഇതിന്റെ സവിശേഷത. പകര്‍ത്തുന്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി സംവിധാനത്തോടൊപ്പം വലിയ എല്‍ സി ഡി ഡിസ്പ്ലേയും ഉണ്ട്.

ഒരുവട്ടം പകര്‍ത്തിയ ചിത്രങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇമെയില്‍ വിലാസം സ്‌ക്രീനില്‍ നല്‍കുന്ന പക്ഷം തല്‍ക്ഷണം ഇന്‍ ബോക്‌സിലേക്ക് മെയില്‍ ചെയ്യും. ത്രിമാന മികവുള്ളതും സാധാരണ രീതിയില്‍ എടുക്കുന്നതുമായ ചിത്രങ്ങളും ഇമെയില്‍ സന്ദേശമായി ലഭിക്കും.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സോഷ്യല്‍ മീഡിയ വിഭാഗമാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാവുന്ന വിധത്തിലാണ് ചിത്രങ്ങള്‍ മെയില്‍ രൂപേണെ ലഭിക്കുക. അതിനാല്‍ ചിത്രങ്ങള്‍ ലഭിച്ച മാത്രയില്‍ സാമൂഹ മാധ്യമങ്ങളില്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ ഓര്‍മകള്‍ പങ്കുവെക്കുന്നതിന് പൊതു ജനങ്ങള്‍ക്ക് അവസരമുണ്ട്.

ലോകത്തെ മികച്ച മേളകളില്‍ ഒന്നായ പുസ്തക മേളയില്‍ കൂടുതല്‍ പൊതു ജന പങ്കാളിത്തം ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

 

Latest