ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരം: അരീക്കോടിന് സ്വര്‍ണത്തിളക്കം

Posted on: November 7, 2017 10:57 am | Last updated: November 7, 2017 at 10:57 am
SHARE

അരീക്കോട്: മഹാരാഷ്ട്രയിലെ നന്ദേഡില്‍ ആരംഭിച്ച നാലാമത് ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച മലപ്പുറം അരീക്കോടിലെ താരങ്ങള്‍ക്ക് സ്വര്‍ണ നേട്ടം.

മഹാരാഷ്ട്രയുടെ കുത്തക തകര്‍ത്ത് മുന്നേറിയ മത്സരത്തിലാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്. റിലേ മത്സരത്തില്‍ ഉള്‍പ്പെടെ അരീക്കോട് പത്തനാപുരം കെ സി റഹീമിന് നാല് സ്വര്‍ണവും രണ്ട് വെളളിയും അരീക്കോട് താഴത്തങ്ങാടി ജംഷിദ് നടുതൊടി അഞ്ച് സ്വര്‍ണം, നസീബ് കെ ജി അരീക്കോട്, രണ്ട് സ്വര്‍ണം രണ്ട് വെള്ളിയും മലപ്പുറം ഇരുമ്പുഴി സ്വദേശി നിലൂഫര്‍ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനതാരങ്ങളായി.

കെ സി റഹീമിന്റെ നേതൃത്തിലുള്ള ജംഷിദ് നടുതൊടി, നസീബ് കെ ജി ടീമിന്റെ വിജയത്തില്‍ നാട്ടുകാര്‍ സ്വീകരണം നല്‍കി. ഗോള്‍ഡന്‍ ഫാല്‍ക്കന്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സില്‍ സെക്കന്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ കെ സി റഹീമിന്റെ വിദ്യാര്‍ഥികളാണ് ജംഷിദ് ഉള്‍പ്പെടെയുള്ളവര്‍. കരാട്ടെ പരിശീലനത്തോടൊപ്പം നീന്തലില്‍ പരിശീലനം നല്‍കി വളര്‍ത്തിയെടുത്തവരെ ദേശീയ മത്സരത്തില്‍ പങ്കെടുപ്പിച്ച് നേട്ടം കൊയ്യാനായതില്‍ അഭിമാനമുണ്ടെന്ന് റഹീം പറഞ്ഞു. ഇദ്ദേഹം പരിശീലിപ്പിച്ച തെരട്ടമ്മല്‍ ശഫീഖ്, ബാംഗ്ലൂരിലെ സ്വിമ്മിംഗ് ക്ലബില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ തൃശൂര്‍ സ്വിമ്മിംഗ് ക്ലബില്‍ പരിശീലകനാണ്.
മലപ്പുറത്ത് നിന്ന് മികച്ച നീന്തല്‍ താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ സി റഹിം. പത്തനാപുരം തെരട്ടമ്മല്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ പിന്തുണയാണ് ഏറെ പ്രചോദനം. ജില്ലയില്‍ താത്പര്യമുള്ള സ്‌കൂളുകളില്‍ കുട്ടികള്‍ തയ്യാറായാല്‍ മികച്ച പരിശീലനം നല്‍കി മത്സര രംഗത്ത് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.