ക്ലാസിക് പോരാട്ടത്തില്‍ സിറ്റിക്കും ചെല്‍സിക്കും ജയം

Posted on: November 6, 2017 9:08 am | Last updated: November 6, 2017 at 9:08 am
SHARE

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം. സിറ്റി ആഴ്‌സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും ചെല്‍സി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനുമാണ് തോല്‍പ്പിച്ചത്.

ലീഗില്‍ ഒന്നാം സ്ഥാനത്തു കുതിക്കുന്ന സിറ്റി ജയത്തോടെ ലീഡ് നില വര്‍ധിപ്പിച്ചു.
പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് പത്ത് ജയവും ഒരു സമനിലയുമായി 31 പോയിന്റാണ് പെപ് ഗാര്‍ഡിയോളയുടെ സംഘത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേക്കാള്‍ എട്ട് പോയിന്റിന്റെ ലീഡ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 23 പോയിന്റാണുള്ളത്. ഇത്രയും പോയിന്റുള്ള ടോട്ടനം മൂന്നാം സ്ഥാനത്താണ്.

സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവെക്കുന്ന രണ്ട് ടീമുകള്‍ നേര്‍ക്കു നേര്‍വന്നപ്പോള്‍ മത്സരം ആവേശകരമായി.
19ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രുയനാണ് സിറ്റിക്കായി ഗോളടിക്ക് തുടക്കമിട്ടത്. 50ാം മിനുട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അഗ്യൂറോ ലീഡുയര്‍ത്തി. 65ാം മിനുട്ടില്‍ ലകാസെറ്റ ആഴ്‌സണലിന്റെ ആശ്വാസ ഗോള്‍ നേടി. 74ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസ് സിറ്റിയുടെ മൂന്നാം ഗോള്‍ നേടി. 55ാം മിനുട്ടില്‍ അല്‍വാരോ മൊറാട്ട നേടിയ ഗോളിലൂടെയാണ് ചെല്‍സി മാ്ഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തിയത്.

മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂള്‍ 4-1ന് വെസ്റ്റ് ഹാം യുനൈറ്റഡിനെയും ബേണ്‍ലി 1-0ത്തിന് സൗതാംപ്ടണിനെയും ടോട്ടനം ഹോട്‌സ്പര്‍ 1-0ത്തിന് ക്രിസ്റ്റല്‍ പാലസിനെയും കീഴടക്കി. മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളുകളാണ് ലിവര്‍പൂളിന് ഗംഭീര ജയം സമ്മാനിച്ചത്. ചേംബര്‍ലിന്‍, മാറ്റിപ്പ് എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here