ഗെയില്‍ കമ്പനിയില്‍ നിന്ന് കോടികള്‍ പറ്റി ജമാഅത്തെ ഇസ്ലാമി; സംഘടനയെ വെട്ടിലാക്കി പുതിയ വിവാദം

Posted on: November 5, 2017 4:34 pm | Last updated: November 6, 2017 at 9:22 am
SHARE

കോഴിക്കോട്: ഒരു വശത്ത്് ഗെയില്‍ വിരുദ്ധ സമരം ആളിക്കത്തിക്കുമ്പോള്‍ മറുവശത്ത് ഗെയില്‍ അധികൃതരില്‍ നിന്ന് സ്വീകരിക്കുന്നത് കോടികള്‍. മുക്കം എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരം കത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ വെട്ടിലാക്കി പുതിയ വിവാദം. ജമാഅത്തെ ഇസ്ലാമിയുടെ കൈവശമുള്ള ഭൂമിയിലാണ് ഗെയില്‍ പദ്ധതിക്കുള്ള കൂറ്റന്‍ പൈപ്പ്‌ലൈനുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് കോടികള്‍ വാടക ഇനത്തില്‍ ജമാഅത്തെ ഇസ്ലാമി കൈപ്പറ്റുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു.

കണ്ണൂര്‍ ഇരിക്കൂര്‍ – നായ്ക്കാലി – മട്ടന്നൂര്‍ റോഡില്‍ കൊളപ്പ ചിത്രാരിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ കൈവശമുള്ള ഭൂമിയിലാണ് ഗെയില്‍ പൈപ്പുകള്‍ സൂക്ഷിക്കുന്നത്. ഇവിടെ അറുപത് ഏക്കര്‍ സ്ഥലമാണ് ജമാഅത്തിനുള്ളത്. ഇതില്‍ പത്ത് ഏക്കര്‍ സ്ഥലം ഗെയില്‍ അധികൃതര്‍ക്ക് വാടക്ക് നല്‍കിയിരിക്കുകയാണ്. ഇതിന് പ്രതിമാസം രണ്ടര ലക്ഷത്തിലധികം രൂപ വാടകയായി ജമാഅത്തേ ഇസ്ലാമി കൈപ്പറ്റുന്നുവെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷമായി ഈ പൈപ്പ്‌ലൈനുകള്‍ ഇവിടെയാണ് സൂക്ഷിക്കുന്നത്. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ ട്രാന്‍സ്‌വേയ്‌സാണ് പൈപ്പ് സൂക്ഷിക്കുന്ന യാഡിന്റെ കരാര്‍ കൈകാര്യം ചെയ്യുന്നത്.

ഒരു വശത്ത് പദ്ധതിക്ക് എതിരെ രംഗത്ത് വരുമ്പോള്‍ മറുവശത്ത് പദ്ധതിക്ക് സൗകര്യം ഒരുക്കിക്കൊടുക്കുന്ന ജമാഅത്തിന്റെ ഇരട്ടമുഖം മാത്രമല്ല ഇതിലൂടെ പുറത്തുവരുന്നത്. മറിച്ച് ഗെയില്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ നഷ്ടമാകുന്ന കോടികളുടെ കണക്കുകള്‍ കൂടി സമരത്തിന് മുന്നില്‍ നില്‍ക്കാന്‍ ജമാഅത്തുകാരെ പ്രേരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. ഗെയില്‍ പദ്ധതി പെട്ടെന്ന് നടപ്പാക്കുന്ന സ്ഥിതി വന്നാല്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്ന പൈപ്പ്‌ലൈനുകള്‍ മാറ്റും. ഇത് വര്‍ഷങ്ങളായി ലഭിക്കുന്ന വന്‍ തുക നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന ഭയമാണ് സമരത്തില്‍ എണ്ണയൊഴിക്കാന്‍ ജമാഅത്തിനെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് അണിയറ വര്‍ത്തമാനം.

സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും സംഭവം വാര്‍ത്തയായതോടെ മുഖം രക്ഷിക്കല്‍ ശ്രമങ്ങളുമായി ജമാഅത്ത് നേതാക്കള്‍ രംഗത്ത് വന്നു. ഗെയില്‍ പദ്ധതിയെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും ഗെയില്‍ പൈപ്പ്‌ലൈന്‍ അലൈന്‍മെന്‍ഡ് മാറ്റണമെന്നാണ് തങ്ങളുടെ ആവശ്യമെന്നുമാണ് വിശദീകരണം.