ഗെയില്‍: മലക്കം മറിഞ്ഞ് മുന്നണികള്‍

കോഴിക്കോട്
Posted on: November 4, 2017 1:26 am | Last updated: November 4, 2017 at 11:08 am
SHARE

ഗെയില്‍ വിഷയത്തില്‍ നിലപാടുകളില്‍ മലക്കം മറിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. പദ്ധതി നടപ്പാക്കല്‍ പ്രഖ്യാപിത നിലപാടായി എടുത്ത മുന്നണിക്കുള്ളിലും അഭിപ്രായ വ്യത്യാസം രൂക്ഷം. സത്യവും അര്‍ധ സത്യവും പച്ചക്കള്ളവുമായി വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് പാര്‍ട്ടികളുടെ പ്രചാരണം മുന്നേറുമ്പോള്‍ പദ്ധതി പ്രദേശത്തെ ജനങ്ങളില്‍ ആശങ്കയേറുകയാണ്.

കൊച്ചി- മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ യു ഡി എഫുകാര്‍ നാളെ മുതല്‍ കൊടിപിടിച്ച് സമരക്കാര്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രഖ്യപിച്ച് കഴിഞ്ഞു. എല്‍ ഡി എഫിന്റെ ജനജാഗ്രത യാത്ര കഴിയുന്നത് വരെ പദ്ധതി സംബന്ധിച്ച് ഒരക്ഷരം മിണ്ടാതിരുന്ന സി പി ഐക്കാര്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. മുക്കം എരഞ്ഞിമാവിലെ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ ഇടപെലാണെന്ന സി പി എം ആവര്‍ത്തിക്കുമ്പോള്‍ ഇത് ജനകീയ സമരമാണെന്നാണ് സി പി ഐ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സി പി ഐ മുഖപത്രം ജനയുഗത്തില്‍ മുക്കത്തെ സമരത്തിന് മറവില്‍ തീവ്രവാദ സംഘടനകള്‍ ഇടപെട്ടതായി ആരോപിച്ചിരുന്നു. മലബാര്‍ മേഖലയില്‍ മാത്രമാണ് ഇത്തരത്തില്‍ സമരം നടക്കുന്നതെന്നും ഇതിന് പിന്നില്‍ ആസൂത്രിത നീക്കമാണന്നും ജനയുഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതിന് വിരുദ്ധമായ അഭിപ്രായമാണ് ഇന്നലെ പ്രകടിപ്പിച്ചത്. നേരത്തെ യു ഡി എഫ് ഭരണകാലത്ത് മലപ്പുറം ജില്ലയില്‍ ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടായ പ്രക്ഷോഭത്തില്‍ അണിനിരന്ന സി പി എം മുക്കത്തും മറ്റും വികസനം മാത്രമാണ് ഇപ്പോള്‍ പറയുന്നത്.

ഗെയില്‍ പദ്ധതിക്ക് എതിരല്ലെന്ന് പറയുന്ന യു ഡി എഫുകാര്‍ ജനകീയ സമരത്തോട് കണ്ണടക്കാനാകില്ലെന്നും പറയുന്നു. യു ഡി എഫ് എന്നും സമരക്കാര്‍ക്കൊപ്പമാണെന്നാണ് ഇന്നലെ സംഭവസ്ഥലത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞത്. എന്നാല്‍ 2013 ആഗസ്റ്റില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത് യു ഡി എഫ് ഭരണത്തിലാണ്. ജനവാസ കേന്ദ്രങ്ങളില്‍ പൈപ്പ്‌ലൈനെ എതിര്‍ക്കുന്ന യു ഡി എഫ് എറണാകുളം പോലുള്ള ജനസാന്ദ്രത ഏറിയ ജില്ലയില്‍ 43 കിലോമീറ്ററോളം പൈപ്പ്‌ലൈനും സ്ഥാപിച്ചിരുന്നു. വിവിധ ജില്ലകളില്‍ ചെറിയ അളവില്‍ പദ്ധതിക്കായി ഭൂമിയും യു ഡി എഫ് ഭരണകാലത്ത് ഏറ്റെടുത്തിരുന്നു. ഭരിക്കുമ്പോള്‍ സമരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പദ്ധതി നടപ്പാക്കുന്നതില്‍ അതിവേഗം മുന്നിട്ടിറിങ്ങിയ യു ഡി എഫ് നേതാക്കളാണ് ഗെയില്‍ സമരത്തെ അനുകൂലിച്ചും സമരക്കാര്‍ക്ക് പിന്തുണയറിയിച്ചും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിയുടെ അലൈന്‍മെന്റ് ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റണമെന്നും കടല്‍ വഴി പൈപ്പ്‌ലൈന്‍ കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ എന്ത്‌കൊണ്ട് ഭരണത്തിലിരിക്കുമ്പോള്‍ കടല്‍ വഴി പൈപ്പ്‌ലൈന്‍ കൊണ്ടുപോകാന്‍ യു ഡി എഫ് നടപടിയെടുത്തില്ലെന്ന് മറുവിഭാഗം ചോദിക്കുന്നു. മാത്രമല്ല യു ഡി എഫ് ഭരണകാലത്ത് കടല്‍ വഴി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഗെയില്‍ അധികൃതരും പറയുന്നു.

നേരത്തെ മലപ്പുറം ജില്ലയില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭം നയിച്ചപ്പോള്‍ അന്നത്തെ വ്യവസായമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടി അടക്കം സമരക്കാരെ ആക്ഷേപിച്ചിരുന്നു. എന്നാല്‍ ഇന്നലെ എരഞ്ഞിമാവിലെത്തിയ കുഞ്ഞാലിക്കുട്ടി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാകില്ലെന്നും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്നുമാണ് പറഞ്ഞത്. അതിനിടെ പദ്ധതി നടപ്പിലായാല്‍ വലിയ പ്രത്യാഘതങ്ങള്‍ ഉണ്ടാകുമെന്ന തരത്തില്‍ ചില സംഘടനകള്‍ പദ്ധതി പ്രദേശങ്ങളില്‍ വ്യാപക പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുമുണ്ട്.

ജനങ്ങളില്‍ ആശങ്ക വര്‍ധിക്കുകയും രാഷ്ട്രീയ മുതലെടുപ്പ് വ്യാപകമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് എരഞ്ഞിമാവിലെ ഇരകളുമായി കോഴിക്കോട്ട് മുഖാമുഖം നടത്തുമെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യു ഡി എഫ് അടക്കമുള്ള സംഘടനകള്‍ സമരം വ്യാപകമാക്കാന്‍ തയ്യാറാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാറും തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ച നാല് മണിക്ക് വ്യവസായ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലാണ് യോഗം നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here