വിചാരണ നേരിടുന്നതിന് നവാസ് ശരീഫ് പാക്കിസ്ഥാനില്‍

Posted on: November 3, 2017 7:42 am | Last updated: November 2, 2017 at 11:43 pm
SHARE

ഇസ്‌ലാമാബാദ്: പാനമ പേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വിചാരണ നേരിടുന്നതിനായി പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ശെരീഫ് ലണ്ടനില്‍ നിന്ന് ഇന്നലെ പാക്കിസ്ഥാനിലെത്തി.

അഴിമതി ആരോപണത്തെത്തുടര്‍ന്ന് സുപ്രീംകോടതി അയോഗ്യനാക്കിയതിനാല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ശെരീഫ് പി എം എല്‍- എന്‍ പാര്‍ട്ടി നേത്യസ്ഥാനവും ഉപേക്ഷിക്കേണ്ടിവന്നിരുന്നു. അര്‍ബുദ രോഗബാധിതയായ ഭാര്യ കുല്‍സൂം നവാസിന്റെ ചികിത്സക്കായാണ് ശെരീഫ് കഴിഞ്ഞ മാസം ലണ്ടനിലേക്ക് പോയത്. രണ്ട് അഴിമതിക്കേസില്‍ ഹാജരാകാതിരുന്നതിനാല്‍ അഴിമതി വിരുദ്ധ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ശെരീഫ് പാക്കിസ്ഥാനിലേക്ക് വരാന്‍ നിര്‍ബന്ധിതനായത്. ലണ്ടനില്‍ നിന്ന് വിമാനമാര്‍ഗം ഇസ്‌ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ശെരീഫ് വന്നിറങ്ങിയത്.

ഭരണകക്ഷിയായ പി എം എല്‍- എന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന് നേതാക്കള്‍ ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടരന്ന് വിമാനത്താവളത്തിലെ വി ഐ പി ലോഞ്ചിലിരുന്ന് ശരീഫ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി. ശേഷം സ്വകാര്യ വാഹനത്തില്‍ ഇസ്‌ലാമാബാദിലെ പഞ്ചാബ് ഹൗസിലെത്തി. ലണ്ടനില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ്, കെട്ടിച്ചമച്ച കേസുകള്‍ നേരിടുന്നതിനായി പാക്കിസ്ഥാനിലേക്ക് തിരികെ പോകുകയാണെന്ന് ശരീഫ് അവിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതിനിടെ, ലണ്ടനില്‍ നടന്ന ഉന്നതല യോഗത്തില്‍ നവാസ് ശരീഫിന്റെ സഹോദരന്‍ ശഹബാസ് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി അടുത്ത പൊതുതിരഞ്ഞെടുപ്പ് നേരിടാന്‍ ധാരണയായിട്ടുണ്ട്. നിലവില്‍ രാജ്യത്തെ വലിയ പ്രവിശ്യയായ പഞ്ചാബിന്റെ മുഖ്യമന്ത്രിയായ ശഹബാസ് നവാസ് ശരീഫിന്റെ ഇളയ സഹോദരനാണ്.