ബോട്ട് മുങ്ങി; ഏഴ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മരിച്ചു

Posted on: October 31, 2017 11:20 pm | Last updated: October 31, 2017 at 11:20 pm

കോക്‌സസ് ബസാര്‍ (ബംഗ്ലാദേശ്): സൈനിക, ബുദ്ധതീവ്രവാദി ആക്രമണം ശക്തമായ മ്യാന്മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ഏഴ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ മുങ്ങിമരിച്ചു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചെറിയ മരത്തോണിയില്‍ പലായനം ചെയ്തവരാണ് മരിച്ചത്. കാലപ്പഴക്കം ചെന്ന തോണി തകര്‍ന്നാണ് അപകടമുണ്ടായതെന്നും മരിച്ചവരില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബംഗ്ലാദേശ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബോട്ടിലുണ്ടായിരുന്ന 37 പേര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ് തീരം ലക്ഷ്യമാക്കി ബോട്ടിലും തോണിയിലുമായി പലായനം ചെയ്ത നൂറോളം അഭയാര്‍ഥികള്‍ മുങ്ങിമരിച്ചിട്ടുണ്ട്.