Connect with us

International

കാറ്റലന്‍ നേതാക്കള്‍ രാജ്യം വിട്ടു

Published

|

Last Updated

ബ്രസല്‍സ്: സ്‌പെയിന്‍ പുറത്താക്കിയ കാറ്റലോണിയന്‍ പ്രസിഡന്റ് കാള്‍സ് പ്യുഗ്ഡിമോണ്ടും സംഘവും ബെല്‍ജിയത്തിലേക്ക് കടന്നു. കാറ്റലോണിയയില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ നാടുവിടല്‍. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെത്തിയ നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചു. താന്‍ രാഷ്ട്രീയ അഭയം തേടിയല്ല ബെല്‍ജിയത്തിലേക്ക് വന്നതെന്നും സ്‌പെയിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടക്കാല തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌പെയിനിന്റെ സ്വയംഭരണ പ്രദേശമായ കാറ്റലോണിയയെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ച പ്യുഗ്ഡിമോണ്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ സ്‌പെയിന്‍ നിയമനടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് നേതാക്കളുടെ നാടുവിടല്‍. വിഭാഗീയതയും രാജ്യത്തിനെതിരായ പ്രക്ഷോഭവും സംഘടിപ്പിച്ചുവെന്ന കുറ്റം ചുമത്തി കാറ്റലന്‍ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. തനിക്കും തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും 30 വര്‍ഷത്തോളം ജയില്‍ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താന്‍ സ്പാനിഷ് പ്രോസിക്യൂട്ടര്‍ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ബ്രസല്‍സില്‍ തങ്ങള്‍ എത്രകാലം ഉണ്ടാകുമെന്നതിനെ കുറിച്ച് കാറ്റലന്‍ നേതാക്കള്‍ വിശദീകരണം നല്‍കിയിട്ടില്ല. അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ വേണ്ടിവന്നാല്‍ ബ്രസല്‍സില്‍ നിന്നുകൊണ്ട് നേരിടുമെന്നും തനിക്ക് നിയമസുരക്ഷ നല്‍കുമെന്ന ഉറപ്പ് സ്പാനിഷ് സര്‍ക്കാറില്‍ നിന്ന് ലഭിച്ചാല്‍ മാത്രമെ ജന്മനാട്ടിലേക്ക് മടങ്ങുകയുള്ളൂവെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. പ്യുഗ്ഡിമോണ്ടിനൊപ്പം അഞ്ച് മുന്‍ മന്ത്രിമാര്‍ ബ്രസല്‍സിലെത്തിയിട്ടുണ്ട്. സ്പാനിഷ് സര്‍ക്കാര്‍ നോട്ടമിട്ട പ്രധാന സ്വാതന്ത്ര്യവാദികളാണ് ഇപ്പോള്‍ നാടുവിട്ടത്.

ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലന്‍ സര്‍ക്കാറിനെ പിരിച്ചുവിട്ട സ്പാനിഷ് നടപടിയാണ് നേതാക്കളുടെ നാടുകടത്തലിലേക്ക് നയിച്ചത്. കാറ്റലന്‍ നേതാക്കളെ പുറത്താക്കിയ സ്പാനിഷ് സര്‍ക്കാര്‍ ഇവിടുത്തെ ഭരണം ഏറ്റെടുത്തു. രാജ്യദ്രോഹമടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി ഇവരെ ജയിലലടക്കാനുള്ള നടപടികള്‍ സ്‌പെയിന്‍ തുടങ്ങിയതോടെ രാജ്യംവിടാന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. സുപ്രീം കോടതി വിധിയെ മറികടന്ന് കാറ്റലോണിയയില്‍ നടന്ന ഹിത പരിശോധന അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്പാനിഷ് കേന്ദ്ര സര്‍ക്കാര്‍ കാറ്റലന്‍ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
പ്യുഗ്ഡിമോണ്ടിന് പുറമെ ആഭ്യന്തരമന്ത്രി ജോഖ്യും ഫോര്‍ണ്‍, കാര്‍ഷിക മന്ത്രിയായിരുന്ന മെറിട്ക്‌സെല്‍ സെറെട്, ആരോഗ്യ മന്ത്രി അന്റോണിയോ കോമിന്‍, തൊഴില്‍ മന്ത്രി ഡൊളോര്‍സ് ബാസ്സ, ഭരണകാര്യ മന്ത്രി മെറിട്ക്‌സെല്‍ ബൊറാസ് എന്നിവരാണ് ബെല്‍ജിയത്തെത്തിയത്.
അതിനിടെ, കാറ്റലന്‍ നേതാക്കള്‍ക്കും സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കിയവര്‍ക്കെതിരെ കടുത്ത നടപടികളുമായി സ്പാനിഷ് സര്‍ക്കാര്‍ രംഗത്തെത്തി. പോലീസ് ആസ്ഥാനത്തും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സ്പാനിഷ് അധികൃതര്‍ റെയ്ഡ് നടത്തി. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.