ശമ്പള പരിഷ്‌കരണം: നഴ്‌സിംഗ് അസോ. സുപ്രീം കോടതിയില്‍

Posted on: October 31, 2017 11:11 pm | Last updated: October 31, 2017 at 11:11 pm

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതില്‍ നിന്ന് പിന്‍വലിയുന്നുവെന്ന് കാണിച്ച് നഴ്‌സിംഗ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം നഴ്‌സുമാരുടെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയില്‍ ശമ്പള വര്‍ധനവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഈ കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ടാണ് തിങ്കളാഴ്ച നഴ്‌സിംഗ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

2016 ജനുവരി 26ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ശിപാര്‍ശ അനുസരിച്ചുള്ള ശമ്പള വര്‍ധനവാണ് സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയിരിക്കുന്നത്. ഇതില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് മാനേജ്‌മെന്റുകള്‍ നടത്തുന്നതെന്നും നഴ്‌സിംഗ് സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കി.