റെയില്‍വേയുടെ പുതിയ സമയക്രമം ഇന്ന്‌ മുതല്‍; കേരളത്തിന് പുതിയ രണ്ട് വണ്ടികള്‍

Posted on: October 31, 2017 12:02 am | Last updated: November 1, 2017 at 10:45 am
SHARE

പാലക്കാട്: ദക്ഷിണ റെയില്‍വേയിലെ ട്രെയിനുകളുടെ സമയക്രമം നവംബര്‍ ഒന്ന് മുതല്‍ മാറും. പുതുക്കിയ ടൈംടേബിള്‍ റെയില്‍വേ പുറത്തിറക്കി. ട്രെയിനുകളുടെ വേഗം വര്‍ധിപ്പിച്ചതിനാല്‍ പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങളുണ്ട്. നിലവിലുള്ള ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ല. സ്റ്റോപ്പുകളിലും മാറ്റമില്ല.

തിരുവനന്തപുരം ഡിവിഷനില്‍ ആഴ്ചയില്‍ രണ്ടുസര്‍വീസുകളാണ് പുതുതായി പ്രഖ്യാപിച്ചത്. 16355, 16356 കൊച്ചുവേളി മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ ട്രെയിനാണ് പുതുതായി സര്‍വീസ് ആരംഭിക്കുന്നത്. 16343/16344 തിരുവനന്തപുരം പാലക്കാട് അമൃത പൊള്ളാച്ചി, പഴനിവഴി മധുരവരെ നീട്ടി. 16723/ 16724 ചെന്നൈ എഗ്മോര്‍ തിരുവനന്തപുരം അനന്തപുരി എക്‌സ്പ്രസ് കൊല്ലത്തേക്ക് നീട്ടി. 16314/16313 കണ്ണൂര്‍ എറണാകുളം ദ്വൈവാര ട്രെയിന്‍ ആലപ്പുഴവരെ നീട്ടി. ആഴ്ചയില്‍ രണ്ടുദിവസം കണ്ണൂരില്‍നിന്ന് എറണാകുളത്തേക്കും ആഴ്ചയില്‍ അഞ്ചുദിവസം എറണാകുളത്തുനിന്ന് കണ്ണൂരേക്കുമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. ഇത് ബുധനാഴ്ചമുതല്‍ ഏഴുദിവസവും കണ്ണൂരില്‍നിന്ന് ആലപ്പുഴവരെ സര്‍വീസ് നടത്തും. ഇതിന്റെ നമ്പര്‍ 16308/ 16307 എന്നാകും.

വേഗത്തില്‍ മാറ്റംവരുന്നതിനാല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ അഞ്ച്, പത്ത് മിനിറ്റിന്റെ വ്യത്യാമുണ്ടാകും. രാവിലെ 9.50ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടാറുള്ള നേത്രാവതി എക്‌സ്പ്രസ് ഇനി 9.45ന് പുറപ്പെടും. വൈകിട്ട് അഞ്ചിന് പുറപ്പെടാറുള്ള തിരുവനന്തപുരം ഗുവാഹത്തി എക്‌സ്പ്രസ് 4.55ന് പുറപ്പെടും. വൈകിട്ട് 3.35ന് പുറപ്പെടാറുള്ള തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ് 4.45നാണ് പുറപ്പെടുക. രാവിലെ 6.10ന് പുറപ്പെടാറുള്ള കോര്‍ബ എക്‌സ്പ്രസ് അഞ്ചു മിനിറ്റ് വൈകിയാണ് പുറപ്പെടുക.

തീവണ്ടികളുടെ പുതുക്കിയ സമയക്രമം ചുവടെ:

അമൃതഎക്‌സ്പ്രസ്: (16343)രാത്രി പത്തരക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. അടുത്തദിവസം രാവിലെ 7.45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനിലും ഉച്ചക്ക് 1.10ന് മധുരയിലുമെത്തും. വൈകീട്ട് 3.45ന് (16244) മധുരയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.15ന് പാലക്കാട്ടും. അടുത്തദിവസം രാവിലെ 6.25ന് തിരുവനന്തപുരത്തുമെത്തും. ചെന്നൈ സെന്‍ട്രല്‍ പഴനി എക്‌സ്പ്രസ്: രാത്രി 9.40ന് (22651) ചെന്നൈയില്‍ നിന്ന് പുറപ്പെടും. അടുത്തദിവസം രാവിലെ 7.15ന് പഴനിയിലും 11ന് പാലക്കാട് ജംഗ്ഷനിലെത്തും. പാലക്കാട് ജംഗ്ഷനില്‍ നിന്ന്(22652) വൈകീട്ട് മൂന്നിന് തിരിക്കുന്ന വണ്ടി 5.55ന് പഴനിയിലും 4.15ന് ചെന്നൈ സെന്‍ട്രലിലുമെത്തും. ചെന്നൈക്കും പഴനിക്കും ഇടയില്‍ സൂപ്പര്‍ ഫാസ്റ്റായിരിക്കും.

പുതിയ തീവണ്ടികള്‍:

മംഗളൂരു ജംഗ്ഷന്‍ കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്: വെള്ളി,ഞായര്‍ ദിവസങ്ങളില്‍(16356) രാത്രി എട്ടിന് മംഗ്‌ളൂര്‍ ജംഗ്്ഷനില്‍ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. ഈ ട്രെയിന്‍ (16355) വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 9.15ന് മംഗളൂരുജംഗ്ഷനിലെത്തും.

ഗാന്ധിധാം -തിരുനെല്‍ വേലി പ്രതിവാര ഹംസഫര്‍ എക്‌സ്പ്രസ് തിങ്കളാഴ്ചകളില്‍(19424) ഉച്ചക്ക് 1.50ന് ഗാന്ധിധാമില്‍ നിന്ന് പുറപ്പെട്ട് ബുധനാഴ്ചകളില്‍ രാവിലെ 11.30ന് തിരുനെല്‍വേലിയിലെത്തും. തിരിച്ച് വ്യാഴാഴ്ചകളില്‍ (19423) രാവിലെ 7.45ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലര്‍ച്ചെ 4.40ന് ഗാന്ധിധാമിലെത്തും.

നാളെ മുതൽ നിലവിൽ വരുന്ന ‍പുതുക്കിയ സമയക്രമം – സമ്പൂർണ പട്ടികക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here