ശരീരം കാര്‍ന്നുതിന്നുന്ന വേദന മറന്ന് അവര്‍ പര്‍വതം കീഴടക്കി

Posted on: October 31, 2017 7:31 pm | Last updated: October 31, 2017 at 7:31 pm

ദോഹ: സ്തനാര്‍ബുദ ബാധിതരായ ഏഴ് രോഗികളെയും കൊണ്ട് ഫ്രഞ്ച് ആല്‍പ്‌സ് പര്‍വതം കീഴടക്കി ഖത്വര്‍ വീല്‍ കോര്‍ണല്‍ മെഡിസിനിലെ പ്രൊഫസര്‍. കഴിഞ്ഞ മാസം അഞ്ച് ദിവസം നീണ്ട പര്‍വതാരോഹണമാണ് തന്റെ രോഗികളെയും കൊണ്ട് ഡോ. അറശ് റാഫി നടത്തിയത്. ഡബ്ല്യു സി എം ക്യുവില്‍ ജനററ്റിക് മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസറും ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ സര്‍ജനുമാണ് റാഫി.
ശരീരം വളരെ ദുര്‍ബലമാകുക എന്നത് കാന്‍സര്‍ ബാധിതരുടെ പ്രധാന പ്രശ്‌നമാണ്. ഉയരത്തില്‍ കയറുക പോലുള്ള പ്രവൃത്തികളിലൂടെ സ്വന്തം ശരീരത്തില്‍ മേധാവിത്തം പുലര്‍ത്താനും മറ്റും സാധിക്കും. അര്‍ബുദ ചികിത്സാ വേളയില്‍ ഡോക്ടറും രോഗിയും തമ്മിലുള്ള അകലം കുറക്കുന്നതും വളരെയേറെ ഗുണം ചെയ്യും.

പഴയ ഡോക്ടര്‍- രോഗി ബന്ധത്തില്‍ നിന്ന് പുറത്തുകടന്ന് പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കുവെച്ചും കഥകള്‍ പറഞ്ഞും സുഹൃത്തുക്കളാകാനാണ് ശ്രമിക്കുന്നത്. ഇത് മികച്ച ചികിത്സ നല്‍കുന്നതിന് തടസ്സമാകുന്നില്ല. ശസ്ത്രക്രിയയും ചികിത്സയും വേണ്ട സമയം നല്‍കുന്നു. രോഗികളെ കൊണ്ട് പലതരം പ്രവൃത്തികള്‍ ചെയ്യിപ്പിക്കുന്നത് സമൂഹത്തിലെ ഒറ്റപ്പെടലില്‍ നിന്ന് വലിയ ആശ്വാസം നല്‍കുമെന്നും ഡോ. റാഫി പറയുന്നു. ഒന്നാന്തരം കായിക താരം കൂടിയാണ് റാഫി. സ്ത്രീകളിലെ അര്‍ബുദവുമായി ബന്ധപ്പെട്ട് ബോധവത്കരണം ലക്ഷ്യമിട്ട് ഖത്വറിന് ചുറ്റും 360 കിലോമീറ്റര്‍ മാരത്തോണ്‍ നടത്തിയിരുന്നു അദ്ദേഹം. ഒരാഴ്ച നീണ്ട ഓട്ടത്തില്‍ ഖത്വര്‍ മുഴുവന്‍ ചുറ്റി. ജീവിതത്തിലെ ഏറെ പ്രയാസം നിറഞ്ഞ ഓട്ടമായിരുന്നു അതെന്ന് റാഫി.