കാമുകിയെ സ്വന്തമാക്കാന്‍ ‘വിമാന റാഞ്ചല്‍’; മുംബൈയില്‍ സ്വര്‍ണ വ്യാപാരി പിടിയില്‍

Posted on: October 31, 2017 4:16 pm | Last updated: October 31, 2017 at 4:29 pm

ന്യൂഡല്‍ഹി: കാമുകിയെ സ്വന്തമാക്കാന്‍ വിമാനത്തിന് ബോംബ് ഭീഷണി ഉയര്‍ത്തിയ സ്വര്‍ണ വ്യാപാരി മുംബൈയില്‍ പിടിയിലായി. ബിര്‍ജു കിഷോര്‍ സ്‌റ്റെല്ല എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ റാഞ്ചല്‍ വിരുദ്ധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്. ജീവപര്യന്തം വരെ തടവുശിക്ഷ നല്‍കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

തിങ്കളാഴ്ച മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ജറ്റ് എയര്‍വേസ് വിമാനത്തിനാണ് ഇയാള്‍ ബോംബ് ഭീഷണി ഉയര്‍ത്തിയത്. വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഭീഷണിസന്ദേശം അടങ്ങിയ കത്ത് ഇയാള്‍ സ്ഥാപിക്കുകയായിരുന്നു. വിമാനം റാഞ്ചിയെന്നും വിമാനത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ ശക്തമായ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് കത്തിലുണ്ടായിരുന്നത്. 12 റാഞ്ചികള്‍ വിമാനത്തിലുണ്ട്. വിമാനം പാക് അധീന കാശ്മീരിലേക്ക് പറത്തണം. ഇറക്കാന്‍ ശ്രമിച്ചാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാം. ഇതൊരു തമാശയായി കരുതരുതെന്നും ഭീഷണിക്കത്തില്‍ പറഞ്ഞിരുന്നു.ഉറുദുവിലും ഇംഗ്ലീഷിലുമാണ് കുറിപ്പ് തയ്യാറാക്കിയിരുന്നത്. തുടര്‍ന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ശേഷം നടത്തിയ അനേഷണത്തിലാണ് ബിര്‍ജു പിടിയിലായത്.

വിമാനത്തിൽ നിന്ന് ലഭിച്ച ഭീഷണിക്കത്ത്. ചിത്രം: എഎൻഎെ

ജറ്റ് എയര്‍വേസിന്റെ ഡല്‍ഹി ഓഫീസില്‍ ജോലി ചെയ്യുന്ന തന്റെ കാമുകിയെ സ്വന്തമാക്കാനാണ് താന്‍ ഇത്തരമൊരു ഭീഷണി ഉയര്‍ത്തിയതെന്ന് ബിര്‍ജു പോലീസിന് മൊഴി നല്‍കി. വിമാനത്തിന് ഭീഷണി ഉണ്ടായാല്‍ ജറ്റ് എയര്‍വേസ് അടച്ചുപൂട്ടും. അപ്പോള്‍ അവള്‍ ജോലി ഒഴിവാക്കി തന്നോടൊപ്പം മുംബൈയില്‍ താമസിക്കാന്‍ വരുമെന്നാണ് താന്‍ കരുതിയതെന്നും ഇയാള്‍ പറഞ്ഞു.

മുമ്പ് പാറ്റയെയുമായി ജറ്റ് എയര്‍വേസില്‍ കയറുകയും ഭക്ഷണത്തില്‍ പാറ്റയെ ഇട്ട് ഭക്ഷണത്തില്‍ നിന്ന് കിട്ടിയതെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇയാളെ പോലീസ് പിടികൂടിയിരുന്നു.