സിവില്‍ സര്‍വീസ് പരീക്ഷയിലെ ഹൈടക് കോപ്പിയടി;ഐപിഎസ് ട്രെയിനിയും ഭാര്യയും അറസ്റ്റില്‍

Posted on: October 31, 2017 12:20 pm | Last updated: October 31, 2017 at 5:17 pm

ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി നടത്തിയ മലയാളി ഐപിഎസ് ട്രെയിനിയും ഭാര്യയും അറസ്റ്റില്‍. എറണാകുളത്തു നിന്നുള്ള സഫീര്‍ കരീമിനെയും ഭാര്യ ഇടുക്കി സ്വദേശിനി ജോയ്‌സിയും ആണ് അറസ്റ്റിലായത്.ഹൈദരാബാദില്‍ നിന്നും ചൊവ്വാഴ്ച രാവിലെയാണ് ജോയ്‌സിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സഫീര്‍ കരീമിനെ തിങ്കളാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

ഹൈദരാബാദിലെ ഒരു സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപികയാണ് ജോയ്‌സി. . ചെന്നൈയിലെ പ്രസിഡന്‍സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന പരീക്ഷയ്ക്കിടെയാണ് സഫീര്‍ കോപ്പിയടി നടത്തിയത്.

ബ്ലൂടൂത്ത് വഴി ഹൈദരാബാദില്‍ നിന്നും ഭാര്യ ഇയാള്‍ക്കു ഫോണ്‍ വഴി ഉത്തരം പറഞ്ഞു കൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് വാട്‌സാപ്പ് വഴി സഫീര്‍ ഭാര്യക്കു അയച്ചു കൊടുത്തു. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഫോണിലൂടെ ഭാര്യ ഉത്തരം ഭര്‍ത്താവിന് എത്തിച്ചുകൊടുത്തുവെന്നും പോലീസ് പറയുന്നു.

സഫീറില്‍ നിന്നും മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് ഉപകരണം, വയര്‍ലെസ് ഇയര്‍ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇവ സഫീറിന്റെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്. സംഭവത്തില്‍ ചെന്നൈ എഗ് മൂര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്.