സ്‌കൂളില്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവന്നില്ല; പത്താം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം

Posted on: October 30, 2017 11:45 am | Last updated: October 30, 2017 at 1:53 pm

പൂനെ: സ്‌കൂളില്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരാത്തതിന് പത്താം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദനം. മഹാരാഷ്ട്രയിലെചിഞ്ച് വാഡ മോര്യ ശിക്ഷാല്‍ സന്‍സ്ഥ ഹൈസ്‌കൂളില്‍ കഴിഞ്ഞ മാസമാണ് സംഭവം.

ആധാര്‍ കാര്‍ഡ് കൊണ്ടുവരാത്തതില്‍ പ്രകോപിതയായ അധ്യാപിക കുട്ടിയുടെ മുട്ടിന് താഴെ വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അന്തരിക ക്ഷതം സംഭവിക്കുകയും അണുബാധ ഉണ്ടാകുകയും ചെയ്തു. നടക്കാന്‍ പ്രയാസമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് കുമ്പ് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഒക്ടോബര്‍ ആറ് മുതല്‍ 15 വരെ വിദ്യാര്‍ഥിക്ക് ആശുപത്രിയില്‍ കഴിയേണ്ടിവന്നു.

വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപികക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജുവൈനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ആധാര്‍ നമ്പര്‍ സ്‌കൂളില്‍ കൊണ്ടുവരാന്‍ എന്തിനാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് അറിയില്ലെന്ന് വിദ്യാര്‍ഥിയും മാതാപിതാക്കളും പറഞ്ഞു.