Connect with us

Gulf

ട്രംപിന്റെ നേതൃത്വത്തില്‍ ഉന്നതതല ചര്‍ച്ച നടക്കുമെന്ന് ഖത്വര്‍

Published

|

Last Updated

ദോഹ: ഉപരോധം അവസാനിപ്പിക്കുന്നതിന് തന്നെയും അയല്‍ അറബ് രാഷ്ട്ര നേതാക്കളെയും ഉള്‍പ്പെടുത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നത തല ചര്‍ച്ച നടത്തുമെന്ന് വെളിപ്പെടുത്തി ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി. അമേരിക്കന്‍ ചാനലായ സി ബി എസ് ന്യൂസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സംഘടിപ്പിക്കുന്ന പ്രസിദ്ധമായ സിക്സ്റ്റി മിനുട്ട് ഷോക്ക് വേണ്ടി തയ്യാറാക്കിയ അഭിമുഖത്തിലാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ക്യാംപ് ഡേവിഡില്‍വെച്ചായിരിക്കും ഈ നിര്‍ണായക ചര്‍ച്ചയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഞായറാഴ്ച അമേരിക്കന്‍ സമയം രാത്രി ഏഴിനാണ് ഷോ സംപ്രേഷണം ചെയ്യുക. ഷോ സംബന്ധിച്ച് അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഇന്നലെ സി ബി എസ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത ഖത്വര്‍ ഗവണ്‍മെന്റ് കമ്യൂനിക്കേഷന്‍സ് ഓഫീസ് (ജി സി ഒ) ഡയറക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹ്മദ് അല്‍ താനി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു.

കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ വെച്ച് അമീര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ക്യാംപ് ഡേവിഡ് ചര്‍ച്ച ട്രംപ് നിര്‍ദേശിച്ചത്. പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് അറിയിച്ചു. തങ്ങള്‍ വളരെയേറെ സന്നദ്ധമാണെന്നും എപ്പോഴും ചര്‍ച്ച സംബന്ധിച്ചാണ് ആവശ്യപ്പെടാറുള്ളതെന്നും മറുപടി നല്‍കിയതായി അമീര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് യോഗം നടത്തണമെന്നാണ് തന്റെ പക്ഷമെന്നും എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

Latest