Connect with us

National

ഐഎസ് ബന്ധം ആരോപിച്ച് ഹാദിയയുടെ ഭര്‍ത്താവിന് എതിരെ പിതാവിന്റെ ഹര്‍ജി

Published

|

Last Updated

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പിതാവ് അശോകന്‍ സുപ്രികോടതിയില്‍ പുതിയ ഹരജി നല്‍കി. കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ശനിയാഴ്ച ഹാദിയയുടെ പിതാവ് സുപ്രിംകോടതിയില്‍ പുതിയ ഹരജി സമര്‍പ്പച്ചിരിക്കുന്നത്.

ഹാദിയയെ വിവാഹം ചെയ്ത കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന് ഐ എസ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ബന്ധമുണ്ടെന്നാണ് ഹരജിയില്‍ ആരോപിച്ചിരിക്കുന്നത്. ഇതിന് തെളിവായി ഇരുവരും സോഷ്യല്‍ മീഡിയവഴി ചാറ്റ് ചെയ്തതിന്റെ രേഖകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, ഹാദിയ കേസിന്റെ നടത്തിപ്പിനായി പോപുലര്‍ ഫ്രണ്ട് വന്‍ തോതിലുള്ള പണപ്പിരിവ് നടത്തിയ കാര്യവും അശോകന്‍ തന്റെ അപേക്ഷയില്‍ പറയുന്നുണ്ട്.

ഹാദിയയുടെ കേസ് നടത്തുന്നതിനായി പോപുലര്‍ ഫ്രണ്ട് 80 ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ വിവരങ്ങളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രത്യേകം മുദ്രവച്ച മൂന്ന് കവറുകളിലായാണ് എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.