ലൈംഗിക ആരോപണം: യുവനടിയോട് മാപ്പ് ചോദിച്ച് സീനിയര്‍ ബുഷ്

Posted on: October 27, 2017 9:38 am | Last updated: October 27, 2017 at 9:38 am

ലോസാഞ്ചലസ്: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവനടി ഹീതെര്‍ ലിന്‍ഡിനോട് വീല്‍ചെയറില്‍ കഴിയുന്ന യു എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് മാപ്പ് അപേക്ഷിച്ചു. 93 കാരനായ ബുഷ് ഫോട്ടോ ഷൂട്ടിനിടെ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ലൈംഗിക ചുവയുള്ള കാര്യങ്ങള്‍ സംസാരിച്ചെന്നുമായിരുന്നു നടിയുടെ ആരോപണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ബുഷിനെതിരെ ആരോപണം ഉന്നയിച്ചത്. ആരോപണം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ മാപ്പപേക്ഷയുമായി ബുഷിന്റെ പ്രതിനിധി രംഗത്തെത്തുകയായിരുന്നു.
തമാശക്കാണ് താന്‍ ലിന്‍ഡിനോട് അത്തരത്തില്‍ പെരുമാറിയതെന്നുംം അത് ലിന്‍ഡിന് ഇഷ്ടമായിട്ടില്ലെങ്കില്‍ നിര്‍വ്യാജം മാപ്പു ചോദിക്കുന്നുവെന്നുമായിരുന്നു ബുഷിന്റെ പ്രസ്താവന. വീല്‍ചെയറിലിരിക്കുമ്പോള്‍ അറിയാതെ കൈ നടിയുടെ പുറകില്‍ തട്ടിയിരിക്കാമെന്നും ബുഷ് ന്യായീകരിച്ചു.

ടെലിവിഷന്‍ സീരിസിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ബുഷ് സീനിയറില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് ലിന്‍ഡ് ആരോപിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവമെങ്കിലും അന്നും ബുഷ് വീല്‍ചെയറിലായിരുന്നു. ഒരുമിച്ചു ഫോട്ടോയെടുക്കുമ്പോള്‍ രണ്ട് വട്ടം ബുഷ് തന്നെ പിന്നില്‍ നിന്ന് തൊട്ടുവെന്നാണ് ലിന്‍ഡിന്റെ ആക്ഷേപം.

മൂന്നാം വട്ടവും ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ വീല്‍ചെയറിന് അടുത്തുണ്ടായിരുന്ന ഭാര്യ ബാര്‍ബറ കണ്ണുരുട്ടി. വൃത്തികെട്ട ഒരു തമാശയും ബുഷ് പറഞ്ഞുവെന്നായിരുന്നു ലിന്‍ഡിന്റെ ആരോപണം.