Connect with us

Articles

പ്രണയവും കോടതിവിധിയും

Published

|

Last Updated

പ്രണയത്തിന് അതിരുകളില്ലെന്നും അതിനെ മതവുമായി ചേര്‍ത്തുകെട്ടരുതെന്നും വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണം ചരിത്രപ്രധാനമാണ്. ലൗജിഹാദ് ക്യാമ്പയിനും ഘര്‍വാപസിക്കും എതിരെ നീതിപീഠത്തിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദേ്വഷപ്രചാരണങ്ങള്‍ക്കുള്ള ഭരണഘടനയുടെ ഭാഗത്തുനിന്നുള്ള ശക്തമായ മറുപടികൂടിയാണ് ഹൈക്കോടതിയുടെ ഈ വിധിന്യായമെന്ന് കാണേണ്ടിയിരിക്കുന്നു.

കണ്ണൂര്‍ ചെറുതാഴം സ്വദേശി ശ്രുതിയുടെയും അനീസ് അഹമ്മദിന്റെയും വിവാഹം സംബന്ധിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഈ ശ്രദ്ധേയമായ നിരീക്ഷണം അവതരിപ്പിച്ചത്. സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ലെന്ന് തുടങ്ങുന്ന അമേരിക്കന്‍ കവിതയുടെ വരികളുദ്ധരിച്ചാണ് ന്യായാധിപന്മാര്‍ വിധിന്യായം തുടങ്ങുന്നതുതന്നെ. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും ഭരണഘടനയുടെ 25(1) അനുഛേദ പ്രകാരം പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിക്കുന്നു. ഏതെങ്കിലും മതസംഘടനയുടെ പേരിലുള്ള വിധ്വംസകശക്തികള്‍ അതിനെ ചവിട്ടിമെതിക്കുന്നത് അനുവദിച്ചുകൂടാത്തതാണെന്ന വിധിന്യായത്തിലെ പരാമര്‍ശം ഭരണഘടനയുടെ മൗലികാവകാശങ്ങളെ ചവിട്ടിമെതിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരായ മുന്നറിയിപ്പാണ്.
ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കാനുള്ള പൗരന്മാരുടെയും പൗരകളുടെയും വ്യക്തി സ്വാതന്ത്ര്യത്തിനുനേരെ ലൗജിഹാദിന്റെയും ഘര്‍വാപസിയുടെയും പേരില്‍ നടക്കുന്ന കടന്നാക്രമണങ്ങളെ താക്കീത് ചെയ്യുകയാണ് കോടതി ചെയ്തിരിക്കുന്നത്. ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം ഭരണഘടനാദത്തമാണ്. വ്യക്തികളുടെ ഭരണഘടനാവകാശങ്ങളെ നിഷേധിക്കുകയാണ് പ്രണയമിശ്രവിവാഹങ്ങളെ മതാധിഷ്ഠിതമായി നോക്കികാണുന്ന വര്‍ഗീയശക്തികള്‍.
അതുവഴി വര്‍ഗീയശക്തികള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് കരുതുന്ന കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തെയും മതനിരപേക്ഷ മൂല്യങ്ങളെയും അസ്ഥിരീകരിക്കാനാണ് മിനക്കെടുന്നത്. ലൗജിഹാദ് പ്രശ്‌നമുയര്‍ത്തിയും ശിവശക്തിയോഗാസെന്റര്‍ പോലെയുള്ള ഘര്‍വാപസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും കടുത്ത വര്‍ഗീയവത്കരണമാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്നത്. ഫാസിസ്റ്റ് രാഷ്ട്രീയമെന്നും വ്യക്തിസ്വാതന്ത്ര്യത്തെയും സ്വതന്ത്രമായ സ്ത്രീപുരുഷ ബന്ധത്തെയും തടഞ്ഞുകൊണ്ടാണ് തങ്ങളുടെ അധികാരം ഉറപ്പിച്ചുനിര്‍ത്തിയിട്ടുള്ളത്.
ആര്യന്‍വംശീയതയും മൂലധനവും ചേര്‍ന്നാണ് ഇറ്റലിയിലും ജര്‍മനിയിലുമെല്ലാം 1930-കളില്‍ ഫാസിസത്തെ വളര്‍ത്തിയെടുത്തത്. മനുഷ്യര്‍ എങ്ങനെ ജീവിക്കണം, എങ്ങനെ ചിന്തിക്കണം, എങ്ങനെ ഭക്ഷണം കഴിക്കണം, വസ്ത്രം ധരിക്കണം, ഇണചേരണം, എങ്ങനെ വിസര്‍ജിക്കണം എന്നെല്ലാമുള്ള അനുശാസനങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയുമാണ് ഫാസിസ്റ്റുകള്‍ മധ്യകാലിക മൂല്യങ്ങള്‍ പുനരുജ്ജീവിപ്പിച്ചെടുക്കുന്നത്.
നിയോലിബറല്‍ കാലത്തെ ബൂര്‍ഷ്വാസദാചാരവാദികള്‍ മധ്യകാലിക മൂല്യങ്ങളെ ആന്തരവത്കരിച്ച ഫാസിസ്റ്റ് രാഷ്ട്രീയത്തെയാണ് സ്വയം പ്രതിനിധീകരിക്കുന്നത്. സ്വതന്ത്രമായ സ്ത്രീപുരുഷ ബന്ധങ്ങളും സൗഹൃദങ്ങളും നമ്മുടെ ചിരപുരാതനമായ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന യാഥാസ്ഥിതികവാദമാണ് ഹിന്ദുത്വവാദികള്‍ തങ്ങളുടെ സദാചാരപോലീസിംഗിന് ന്യായമായി പറയുന്നത്. പ്രണയവിരുദ്ധസ്‌ക്വാഡുകളെ തെരുവിലിറക്കി സംസ്‌കാര സംരക്ഷണത്തിന്റെ പേരില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേട്ടയാടുകയാണവര്‍. പ്രായപൂര്‍ത്തിയായ സ്വതന്ത്രരായ മനുഷ്യരുടെ ഇടപെടലുകള്‍ അനാശാസ്യപ്രവൃത്തിയായി ചിത്രീകരിച്ചാണ് ആന്റിറോമിയോ സ്‌ക്വാഡുകള്‍ യു പിയിലും കര്‍ണാടകയിലുമെല്ലാം അഴിഞ്ഞാടുന്നത്.
സ്ത്രീപുരുഷ ബന്ധങ്ങളെ ഭയപ്പെടുന്നവര്‍ മനുഷ്യസമൂഹത്തിന്റെ സ്വാഭാവികവും സഹജവുമായ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന മുതലാളിത്ത ഭൗതിക ഉത്പാദനവ്യവസ്ഥയുടെ മൂല്യങ്ങളെ ആന്തരവത്കരിച്ച് സ്വയം ഷണ്ഡന്മാരായി പരിണമിച്ചവരാണ്. വാത്സല്യം, സൗഹൃദം, പ്രണയം തുടങ്ങിയ സ്‌നേഹവികാരങ്ങള്‍ മനുഷ്യര്‍ സഹജീവികളിലേക്ക് വിനിമയം ചെയ്യുന്നതിനെ ഫാസിസ്റ്റ് ശക്തികള്‍ ചരിത്രത്തില്‍ എല്ലായിടത്തും തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ശ്രീരാമസേനയും യോഗി ആദിത്യനാഥിന്റെ ആന്റിറോമിയോ സ്‌ക്വാഡുകളും ഈ ദൗത്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

മനുഷ്യലൈംഗികത ജൈവികമായ ചോദനക്കപ്പുറം വിവിധങ്ങളായ അനുഭൂതിതലങ്ങളുള്ള മനുഷ്യബോധംകൂടിയാണ്. മനുഷ്യസത്തയെ നിര്‍ണയിക്കുന്നത് അവന്റെ സാമൂഹിക ബന്ധങ്ങളുടെ സാകല്യമായതുകൊണ്ടുതന്നെ ലൈംഗികത ക്രമീകരണം ആവശ്യപ്പെടുന്നതുമാണ്. അതായത് ജീവധര്‍മത്തോടൊപ്പം സാമൂഹ്യമായ ഉള്ളടക്കവും വംശോത്പാദന പ്രക്രിയക്ക് ഉണ്ടെന്നര്‍ഥം. നൈസര്‍ഗികമായ സാധ്യതകളെ നിഷേധിച്ചുകൊണ്ട് മാനുഷികതയെ സാക്ഷാത്കരിക്കാന്‍ കഴിയില്ല. ജീവശാസ്ത്രവും സാമൂഹികചരിത്രവും പരസ്പരപൂരകമായാണ് വളര്‍ന്നത്.
മനുഷ്യവംശബന്ധങ്ങളുടെ ജീവശാസ്ത്രപരവും സാമൂഹികവും ചരിത്രപരവുമായ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള അജ്ഞതയും വിശ്വാസഭ്രാന്തുമാണ് സ്ത്രീ പുരുഷബന്ധങ്ങളെയും ലൈംഗികതയെയും ചങ്ങലക്കിടുന്ന വര്‍ഗീയവംശീയവാദികളെയും ഫാസിസ്റ്റുകളെയും ഭരിക്കുന്നത്.

 

Latest