ഗൗരിയുടെ മരണം; അധ്യാപികമാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നിരാഹാര സമരത്തിന്

Posted on: October 26, 2017 1:47 pm | Last updated: October 26, 2017 at 6:45 pm

കൊല്ലം: പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. പ്രതികളായ അധ്യാപികമാരെ അറസ്റ്റ് ചെയ്യുന്നതുവരെ സ്‌കൂളിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് ഇവരുടെ തീരുമാനം. നിരാഹാരം മറ്റന്നാള്‍ തുടങ്ങുമെന്ന് ഇവര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. തലക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ അബോധാവസ്ഥയിലാണ് ഗൗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ഥിനിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇരുവരും ഒളിവിലാണ്.

ഗൗരി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഗൗരിയെ അധ്യാപിക ക്ലാസില്‍ നിന്ന് വിളിച്ച് കൊണ്ടുപോകുന്നതും പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുന്നതും ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.