Connect with us

International

മാവോക്ക് ശേഷം ചൈനയിലെ ശക്തനായ നേതാവായി സി ജിന്‍പിംഗ്

Published

|

Last Updated

ബീജിംഗ്: മാവോ സേതുംഗിന് ശേഷം ചൈനയിലെ ഏറ്റവും ശക്തനായ നേതാവെന്ന അപൂര്‍വ നേട്ടവുമായി സി ജിന്‍പിംഗ്. ചൈനീസ് പ്രസിഡന്റായും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സി ജിന്‍പിംഗിന്റെ ചിന്തകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. ഇതോടെ പാര്‍ട്ടിയുടെ സ്ഥാപകന്‍ മാവോക്ക് ലഭിച്ചതിന് സമാനമായ പദവിയിലേക്ക് സി ജിന്‍പിംഗ് ഉയര്‍ന്നു. ജിന്‍പിംഗിന് ഈ അപൂര്‍വ ആദരം ലഭിക്കുന്നതോടെ അദ്ദേഹത്തിനെതിരെയുള്ള എല്ലാ വെല്ലുവിളിയും പാര്‍ട്ടിക്കെതിരെയുള്ള ഭീഷണിയായി മാറും. ആഭ്യന്തര, അന്താരാഷ്ട്ര തലത്തില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കാനിരിക്കെ ഭയമില്ലാതെ ഭരിക്കാന്‍ പ്രസിഡന്റിന് ഇത് തുണയാകും.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാമത് പാര്‍ട്ടി കോണ്‍ഗ്രസാണ് പ്രൗഢമായ ചടങ്ങളില്‍ അവസാനിച്ചത്. 2350 പ്രതിനിധികള്‍ പങ്കെടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് അഞ്ച് പുതുമുഖങ്ങളെ തിരഞ്ഞെടുത്തു. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയെ അന്താരാഷ്ട്ര ശക്തിയായി വളര്‍ത്തുമെന്ന സി ജിന്‍പിംഗിന്റെ പ്രസ്താവനയോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് അവസാനമായത്. ചൈനീസ് സവിശേഷതകളോട് കൂടിയ സോഷ്യസിലമെന്ന അദ്ദേഹത്തിന്റെ തത്വചിന്തകള്‍ പാര്‍ട്ടി ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളിലൊന്നായി ഉള്‍പ്പെടുത്തുന്നതായി പീപ്പിള്‍സ് ഗ്രേറ്റ് ഹാളില്‍ സമാപിച്ച സമ്മേളനം പ്രഖ്യാപിച്ചു. ഐക്യകണ്‌ഠ്യേനയാണ് ഈ നിര്‍ണായക തീരുമാനം സ്വീകരിച്ചതെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. 1921ല്‍ സ്ഥാപിതമായ ശേഷം മാവോ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സി ജിന്‍പിംഗിന് ലഭിച്ചതിന് സമാനമായ അദരം ലഭിച്ചത്.

 

Latest