ഗുജറാത്തിനെ ആര്‍ക്കും വിലക്കെടുക്കാന്‍ സാധിക്കില്ല: രാഹുല്‍

Posted on: October 24, 2017 12:59 am | Last updated: October 23, 2017 at 11:09 pm

അഹമ്മദാബാദ്: ഗുജറാത്തിനെ വിലക്കെടുക്കാമെന്ന് ആരും വ്യാമോമോഹിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ പട്ടേല്‍ നേതാവിന് ബി ജെ പി ഒരു കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രഹുലിന്റെ ട്വീറ്റ്.

‘ഗുജറാത്ത് ഞങ്ങള്‍ക്ക് അമൂല്യമാണ്. ഗുജറാത്തിനെ ആര്‍ക്കും ഒരിക്കലും വിലയ്ക്കുവാങ്ങാനായിട്ടില്ല, ഇനി അതിനു കഴിയുകയുമില്ല’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഗുജറാത്തിലെ സാധാരണക്കാരുടെ ‘ശബ്ദം’ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അതിലവര്‍ പരാജയപ്പെടുമ്പോള്‍ അവരെ വിലയ്ക്കു വാങ്ങാനും ശ്രമിക്കുന്നു. എത്ര പണം ചെലവഴിച്ചാലും ഗുജറാത്തിലെ യുവാക്കളെ വിലയ്ക്കു വാങ്ങാന്‍ നിങ്ങള്‍ക്കാവില്ല’ രാഹുല്‍ പറഞ്ഞു.

ഗുജറാത്തിലെ എല്ലാവരും ഞങ്ങള്‍ക്കൊപ്പമാണ്. കഴിഞ്ഞ 22 വര്‍ഷമായി ബി ജെ പി സര്‍ക്കാര്‍ അഞ്ചോ പത്തോ വ്യവസായികള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. യുവാക്കള്‍ക്കു വേണ്ടത് ജോലിയും വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയുമാണ്. അവ നല്‍കാന്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. വ്യവസായികളെ സഹായിക്കുന്നതില്‍ മാത്രമാണ് അവരുടെ ലക്ഷ്യം. വ്യവസായികള്‍ക്കു വേണ്ടി ചെലവഴിക്കുന്ന പണം കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ഉപയോഗിക്കാമായിരുന്നു. 35,000 കോടി രൂപയാണ് ടാറ്റാ കമ്പനിക്കായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
സംവരണ വിഷയത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍, ഉന സമരത്തിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ എത്തിയ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസിനോട് അടുക്കുന്നത് ബി ജെ പിയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരമാവധി യുവ നേതാക്കളെ ബി ജെ പിക്കൊപ്പം നിര്‍ത്താന്‍ അമിത് ഷാ കരുനീക്കം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി രണ്ട് പട്ടേല്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം ബി ജെ പി പ്രവേശം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകേയാണ് ബി ജെ പിക്കെതിരെ കോഴ ആരോപണവുമായി ഹര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായി രംഗത്തെത്തിയത്.