പോലീസിനെ പേടിയാണെന്ന് കുട്ടികള്‍, പേടിതീര്‍ക്കാന്‍ സമ്മാനങ്ങളുമായി പോലീസും

Posted on: October 23, 2017 7:57 pm | Last updated: October 23, 2017 at 7:57 pm

ദുബൈ: പോലീസിന്റെ പട്രോള്‍ വാഹനങ്ങളെ കാണുന്നത് തങ്ങളുടെ കുട്ടികള്‍ക്ക് പേടിയാണെന്നറിയിച്ച സ്വദേശി കുടുംബത്തിന് ‘സര്‍പ്രൈസ്’ നല്‍കി ദുബൈ പോലീസ് വീട്ടിലെത്തി. കുട്ടികളുടെ പോലീസ് പേടി മാറ്റാന്‍ സ്വദേശി കുടംബത്തെ തേടിയെത്തിയത് ദുബൈ പോലീസിലെ ടൂറിസം പോലീസ് സംഘമായിരുന്നു.

ദുബൈയിലെ സ്വദേശി കുടുംബമാണ് തങ്ങളുടെ ചെറിയകുട്ടികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ മാത്രമല്ല, പട്രോള്‍ കാര്‍ കാണുന്നത്‌വരെ ട്വിറ്ററിലൂടെ അറിയച്ചത്. വിവരമറിഞ്ഞ് പോലീസ് കുട്ടികളുടെ, പോലീസ് പേടി മാറ്റിയെടുക്കാന്‍ സ്വീകരിച്ച വഴിയാകട്ടെ ഏവരേയും അമ്പരിപ്പിക്കുന്നതും പട്രോള്‍ കാറുകളില്‍ ഏറ്റവും ആഡംബര പൂര്‍ണമായ കാറുകളിലൊന്നില്‍ സ്വദേശി കുടുംബം താമസിക്കുന്ന വീട്ടിലെത്തുകയായിരിുന്നു പോലീസ്.

ഉയര്‍ന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനു പുറമെ ഒരു വനിതാ പോലീസും അടങ്ങിയതായിരുന്നു സംഘം. വീട്ടില്‍ തീര്‍ത്തും അപ്രതീക്ഷിതമായെത്തിയ പോലീസിനെ കണ്ടു ഞെട്ടിയ കുടുംബത്തിന് പക്ഷേ, തങ്ങളുടെ മക്കളുടെ പേടിമാറ്റാനെത്തിയതാണെന്ന് തിരിച്ചറിഞ്ഞതോടെ കൗതുകമായി. മക്കളെയെടുത്തം അവരുമായി അല്‍പനേരം കുശലം പറഞ്ഞ പോലീസ് സംഘം, പട്രോള്‍ കാറില്‍ അവരെ ഇരുത്തിപേടി തീര്‍ക്കുകയായിരുന്നു. വിവിധ പോസുകളില്‍ കാറിലിരുന്നു ഫോട്ടോയെടുക്കാന്‍ അവസരം നല്‍കിയ പോലീസ്, യാത്രപറയുന്നതിനു മുമ്പ് പോലീസ് തങ്ങളുടെ സ്വന്തമാണെന്ന് മനസ്സിലാക്കാന്‍ ഉതകുന്ന രീതിയില്‍ കുട്ടികളുടെ കൈയ്യില്‍ നിറയെ സമ്മാനങ്ങളും നല്‍കുകയുണ്ടായി.