കശ്മീരില്‍ സമാധാനം നിലനിര്‍ത്താന്‍ ചര്‍ച്ചക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Posted on: October 23, 2017 7:03 pm | Last updated: October 24, 2017 at 8:19 am

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സമാധാനം നിലനില്‍ത്താന്‍ ചര്‍ച്ചക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മ്മയെ ചര്‍ച്ചയ്ക്കുള്ള പ്രതിനിധിയായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.

കശ്മീരില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും കശ്മീര്‍ വിഷയത്തില്‍ സ്വീകരിച്ചുവന്ന നയങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.’സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ശര്‍മ്മ കശ്മീരിന്റെ സ്ഥിരതയ്ക്കുവേണ്ടി നിയമപരമായ ചര്‍ച്ചകള്‍ നടത്തും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവരുമായി അദ്ദഹം ചര്‍ച്ച നടത്തും.’ രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീരിനായി എന്ത് ചെയ്യാന്‍ സാധിക്കുമോ അത് നല്ല ഉദ്ദേശത്തോടെ തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ വിഷയത്തല്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്ന കേന്ദ്ര സര്‍ക്കാര്‍ വിര്‍ദ്ധിച്ചുവന്ന ആക്രമണങ്ങളെത്തുടര്‍ന്ന് വിഘടനവാദി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.