ബില്‍ക്കിസ് ബാനു കേസ്: ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്: സുപ്രീം കോടതി

Posted on: October 23, 2017 2:26 pm | Last updated: October 23, 2017 at 9:50 pm

ന്യൂഡല്‍ഹി: രാജ്യത്തെ നടക്കിയ ബില്‍ക്കിസ് ബാനു കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരേയും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന ഡോക്ടര്‍മാരെയും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാനും കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

നിലവില്‍ ഗുജറാത്തില്‍ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍ എസ് ബഗോഡ ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും രണ്ട് ഡോക്ടര്‍മാരുമണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. തങ്ങളെ ശിക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് പ്രതികള്‍ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും സുപ്രീം കോടതി തള്ളിയിരുന്നു. കേസ് അന്വേഷണത്തില്‍ കൃത്രിമത്വം കാണിച്ച ഉദ്യോഗസ്ഥരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നല്‍കാതെ ഉദ്യോഗസ്ഥരെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബില്‍കിസ് ബാനുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു, തുടര്‍ന്നാണ് കോടതിയുടെ നടപടി.

കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി എടുത്തിട്ടുണ്ടോയെന്ന് അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് 19 കാരിയും അഞ്ച് മാസം ഗര്‍ഭിണിയുമായ ബില്‍ക്കിസ് ബാനുവിനെ കലാപകാരികള്‍ കൂട്ടമാനഭംഗം ചെയ്തത്. 14 കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത ശേഷമായിരുന്നു ഇത്. പിന്നീട് 12 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.