ഹജ്ജ്: കേരളത്തിന്റെ ആശങ്കകള്‍

Posted on: October 21, 2017 8:50 am | Last updated: October 21, 2017 at 8:36 am

കപ്പല്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ യാത്രാ, താമസ ചെലവുകള്‍ കുറക്കുന്നതിന് ചില നിര്‍ദേശങ്ങളുണ്ടെങ്കിലും കേരളത്തിന് ഏറെ ദോഷം ചെയ്യുന്നതാണ് പാര്‍ലിമെന്ററികാര്യ സെക്രട്ടറി അഫ്‌സല്‍ അമാനുല്ലയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതി തയാറാക്കിയ പുതിയ ഹജ്ജ് നയത്തിന്റെ കരട്. ഓരോ സംസ്ഥാനത്ത് നിന്നുമുള്ള അപേക്ഷകരുടെ എണ്ണം പരിഗണിക്കാതെ സംസ്ഥാനത്തെ മുസ്‌ലിംജനസംഖ്യയുടെ തോതനുസരിച്ചു ക്വാട്ട നിശ്ചയിക്കുകയും അതേസമയം അഞ്ച് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്കുള്ള മുന്‍ഗണന രീതി ഒഴിവാക്കുകയും ചെയ്യണമെന്ന കരട് നയം കേരളത്തിന്റെ ക്വാട്ട പകുതിയിലേറെ കുറയാന്‍ ഇടയാക്കും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കേരളത്തിന് ജനസംഖ്യാനുപതിക ക്വാട്ടയേക്കാള്‍ ഇരട്ടിയിലേറെ പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചിരുന്നു. അഞ്ചാം വര്‍ഷ അപേക്ഷകരെ നേരിട്ട് തിരഞ്ഞെടുത്തത് മൂലമായിരുന്നു ഈ വര്‍ധന. ഈ രീതി തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം കേരളത്തിലെ 15,000ത്തോളം പേര്‍ക്ക് അവസരം ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച നാലാം വര്‍ഷക്കാരായ 14,382 പേരില്‍ ആയിരത്തോളം പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അവസരം ലഭിച്ചത്. ബാക്കി വരുന്ന 13,500-ാളം പേര്‍ക്കും എഴുപത് വയസ്സ് തികഞ്ഞവര്‍ക്കും ഇത്തവണ അവസരം ലഭിക്കേണ്ടതുണ്ട്. അഞ്ചാം വര്‍ഷക്കാരെ ഒഴിവാക്കിയാല്‍ അത് കേരളീയര്‍ക്കുള്ള അവസരം ആറായിരമായി ചുരുങ്ങും.

ഓരോ സംസ്ഥാനത്തെയും അപേക്ഷകരുടെ എണ്ണത്തിനനുസരിച്ചു ക്വാട്ട നിര്‍ണയിക്കുകയോ അഞ്ചാം വര്‍ഷക്കാര്‍ക്ക് മുന്‍ഗണന നല്‍കുകയോ ചെയ്തില്ലെങ്കില്‍ മറ്റു പല സംസ്ഥാനക്കാര്‍ക്കും അപേക്ഷിച്ച ആദ്യ വര്‍ഷം തന്നെ ഹജ്ജിന് അവസരം ലഭിക്കുകയും കേരളീയര്‍ക്ക് വര്‍ഷങ്ങളോളം കാത്തരിക്കേണ്ട അവസ്ഥ വരികയും ചെയ്യും. ഇപ്പോള്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചാല്‍ അവസരം ലഭിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടമാകുകയും ഭാവിയില്‍ ആറും ഏഴും എട്ടും വര്‍ഷം കാത്തിരിക്കേണ്ടി വരികയും ചെയ്യും. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ചു ക്വാട്ട എന്നതാണ് സാമൂഹിക നീതി. ഉത്തരേന്ത്യന്‍ ലോബി നിയന്ത്രിക്കുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ നിര്‍ദേശത്തോട് മുഖം തിരിക്കുകയായിരുന്നു. പുതിയ ഹജ്ജ് നയം തയാറാക്കിയ സമിതി മുമ്പാകെയും കേരളം ഈ ആവശ്യം നേരത്തെ ഉണര്‍ത്തിച്ചിരുന്നതാണ്. അവരും അവഗണിച്ചു. വിവിധ സംസ്ഥാനങ്ങളുടെയും മറ്റും ബന്ധപ്പെട്ടവരുടെയും അഭിപ്രായം ആരായാതെ പുതിയ നയത്തിന് അംഗീകാരം നല്‍കരുതെന്ന് സംസ്ഥാന ഹജ്ജ് മന്ത്രി കെ ടി ജലീല്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നയത്തിന്റെ കരട് മാത്രമാണ് ഇപ്പോള്‍ അവതരിപ്പിച്ചത്. ഇനിയും അന്തിമ തീര്‍പ്പ് കല്‍പിച്ചിട്ടില്ലാത്തതിനാല്‍ അപേക്ഷകര്‍ക്ക് അനുസരിച്ചു ക്വാട്ട എന്ന ആവശ്യം നേടിയെടുക്കാന്‍ കേരളം ഇനിയും സമ്മര്‍ദം തുടരേണ്ടതുണ്ട്. കൂടുതല്‍ അപേക്ഷകരുള്ള പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ സഹായം ഇക്കാര്യത്തില്‍ തേടാകുന്നതാണ്.

ഓരോ വര്‍ഷവും പുതിയ അപേക്ഷ നല്‍കണമെന്ന നിബന്ധന ഒഴിവാക്കി ഒറ്റത്തവണ അപേക്ഷ നല്‍കുന്ന രീതിയാക്കണമെന്നതും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചില്ല. ഓരോ അപേക്ഷയോടൊപ്പവും തീര്‍ഥാടകര്‍ 300 രൂപ അടക്കേണ്ടതുണ്ട്. അപേക്ഷ തള്ളപ്പെടുന്നര്‍ക്ക് ഒരു വൃഥാ ചിലവാണിത്. അഞ്ച് വര്‍ഷം അപേക്ഷിക്കുന്നവര്‍ അപേക്ഷാ ഫീസ് ഇനത്തില്‍ 1500 രൂപയാണ് അടക്കേണ്ടി വരുന്നത്. അപേക്ഷ ഒറ്റത്തവണ മാത്രമാക്കുകയും അപേക്ഷകന് ഹജ്ജിന് അവസരം ലഭിക്കുന്നത് വരെ അതിന് പ്രാബല്യം നല്‍കുകയും ചെയ്താല്‍ 300 രൂപ മാത്രമേ ഒരാള്‍ അപേക്ഷാ ഫീസായി നല്‍കേണ്ടി വരികയുള്ളു. അപേക്ഷകരില്‍ നിന്ന് ഓരോ വര്‍ഷവും ലഭിക്കുന്ന കോടികളുടെ വരുമാനത്തില്‍ കണ്ണ് വെച്ചാണ് ഇക്കാര്യത്തില്‍ ഒരു മാറ്റത്തിന് ഹജ്ജ് കമ്മിറ്റി തയാറാകാത്തത്.

എമ്പാര്‍ക്കേഷന്‍ പോയിന്റ് ഒമ്പതാക്കി കരിപ്പൂരിനെ ഒഴിവാക്കിയ നടപടിയും തിരുത്തേണ്ടതുണ്ട്. നെടുമ്പാശ്ശേരിയാണ് കരട് നത്തില്‍ കേരളത്തിലെ എമ്പാര്‍ക്കേഷന്‍ പോയിന്റ്. ഹാജിമാരില്‍ 85 ശതമാനം പേരും മലബാര്‍ പ്രദേശത്ത് നിന്നുള്ളവരായതിനാല്‍ അവര്‍ക്ക് ഏറ്റവും സൗകര്യം കരിപ്പൂരാണ്. അവിടെ എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ഥിരമായ ഹജ്ജ് ഹൗസും പണിതിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ താത്കാലിക ഹജ്ജ് ക്യാമ്പുകള്‍ സജ്ജീകരിക്കുയാണ് ചെയ്യുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയത് കൊണ്ടാണ് യാത്ര നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. ഇത് താത്കാലിക സംവിധാനം മാത്രമാണെന്നും വലിയ വിമാനങ്ങള്‍ക്കോ ഇടത്തരം വിമാനങ്ങള്‍ക്കോ ഇറങ്ങാന്‍ കരിപ്പൂര്‍ സജ്ജമായാല്‍ അവിടേക്ക് തന്നെ മാറ്റുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സര്‍ക്കാറും ഉറപ്പ് നല്‍കിയിരുന്നതാണ്. അഞ്ച് വര്‍ഷത്തേക്കാണ് പുതിയ ഹജ്ജ് നയം. എമ്പാര്‍ക്കേഷന്‍ പോയിന്റ് സംബന്ധിച്ച അഫ്‌സല്‍ അമാനുല്ല സമിതിയുടെ നിര്‍ദേശം അംഗീകരിച്ചു കഴിഞ്ഞാല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് അഞ്ച് വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കപ്പടുന്ന സാഹചര്യമുണ്ടാകൂം. പട്ടികയില്‍ കരിപ്പൂരിനെ ഉള്‍പ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാറും ഹജ്ജ് കമ്മിറ്റിയും മുസ്‌ലിം സംഘടനകളും സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.