മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍മാരുടെ കൊലപാതകം:മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി

Posted on: October 20, 2017 7:24 pm | Last updated: October 20, 2017 at 10:00 pm

ചെന്നൈ : മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍മാരുടെ കൊലപാതകക്കേസിലെ മുഖ്യപ്രതി തിരുനല്‍വേലി സ്വദേശി മണി (45) കോടതിയില്‍ കീഴടങ്ങി. ചെന്നൈ സെയ്താപേട്ട് കോടതിയില്‍ കീഴടങ്ങിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളെ തേനി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘാംഗവും കൊലപാതകക്കേസുകളിലെ പ്രതിയുമാണു മണി. ഓട്ടോ വിളിച്ചുകൊണ്ടുപോയ ശേഷം െ്രെഡവറെയും ബന്ധുവിനെയും ബോഡിമെട്ട് ചെക്ക്‌പോസ്റ്റിനു സമീപം ചുരത്തില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.

കണ്ണന്‍ ദേവന്‍ കമ്പനി എല്ലപ്പെട്ടി എസ്‌റ്റേറ്റ് കെ.കെ.ഡിവിഷനില്‍ തമ്പദുരൈയുടെ മകനും ഓട്ടോ െ്രെഡവറുമായ ശരവണന്‍ (19), ബന്ധുവും കെ.കെ.ഡിവിഷനില്‍ ഏബ്രഹാമിന്റെ മകനുമായ ജോണ്‍ പീറ്റര്‍ (17) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. യുവാക്കളെ കൊലപ്പെടുത്തിയെന്നു മണി യുവാക്കളുടെ ബന്ധുക്കളെ ഫോണ്‍ വിളിച്ചറിയിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ കൊലപാതക കേസില്‍ പ്രതിയായി ജയിലിലായിരുന്ന മണി ദിവസങ്ങള്‍ക്കു മുന്‍പാണു ജാമ്യത്തിലിറങ്ങിയത്.