Connect with us

Malappuram

ചെറുകാവില്‍ വൈസ് പ്രസിഡന്റ് രാജി നല്‍കി; ലീഗ് കോണ്‍ഗ്രസ് പോര് തുടരുന്നു

Published

|

Last Updated

കൊണ്ടോട്ടി: ചെറുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിലെ പി വി എ ജലീല്‍ രാജിവെച്ചു. യു ഡി എഫ് ധാരണയെ തുടര്‍ന്ന് കോണ്‍ഗ്രസിന് പദവി കൈമാറുന്നതിന്റെ ഭാഗമായാണ് രാജി.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സംവിധാനത്തിലാണ് ലീഗും കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ ഭുരിപക്ഷം ലഭിച്ചതോടെ ലീഗ് ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസിനെ തഴയുകയായിരുന്നു. ഇത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തേയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചു. ഇതേ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രശ്‌നം പരിഹരിക്കാമെന്ന് ലീഗ് ജില്ലാ നേതൃത്വം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന്
ടി വി ഇബറാഹീമിന്റ വിജയത്തിനായി ഇരു കക്ഷികളും ഒന്നിച്ചിറങ്ങുകയാണുണ്ടായത്.

എന്നാല്‍ കോണ്‍ഗ്രസിന്റെ വാദം തെറ്റാണെന്നാണ് പഞ്ചായത്ത് ലീഗ് നേതൃത്വം പറയുന്നത്. ചെറുകാവില്‍, തിരഞ്ഞെടുപ്പിന് ശേഷം ഭരണ സമിതി രൂപവത്കരണത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ഒരംഗമല്ലാതെ മറ്റാരും വിജയിച്ചിരുന്നില്ല. ഇത് കാരണം കോണ്‍ഗ്രസ് ലീഗുമായി സഹകരിക്കാതെ തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ലീഗ് പറയുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, കമ്മിറ്റി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന്റെ ഏക അംഗം വിട്ടു നിന്നു. ഇതേ തുടര്‍ന്ന് മേല്‍ പദവികളിലേക്ക് ഒമ്പത് അംഗങ്ങളുള്ള ലീഗ് ഒറ്റക്ക് മത്സരിക്കുകയും വിജയം നേടുകയുമാണുണ്ടായത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദവി പ്രതിപക്ഷത്തെ സി പി എമ്മിന് ലഭിച്ചതും കോണ്‍ഗ്രസിന്റെ ഏക അംഗത്തിന്റെ വിട്ട് നിന്നതിനെനെ തുടര്‍ന്നാണെന്നും മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നുമാണ് ലീഗ് പഞ്ചായത്ത് നേതൃത്വം പറയുന്നത്.
ചെറുകാവില്‍ യു ഡി എഫ് സംവിധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച മലപ്പുറത്ത് ചേര്‍ന്ന യു ഡി എഫ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന്റെ ഏക അംഗം ഭരണ സമിതിക്ക് പിന്തുണ നല്‍കാനും പകരം ലീഗ് പ്രതിനിധി വഹിക്കുന്ന വൈസ് പ്രസിഡന്റ് പദവി കോണ്‍ഗ്രസിന് വിട്ടു നല്‍കാനും ധാരണയാവുകയായിരുന്നു.

ഇതേ തുടര്‍ന്ന് 23 ന് പദവി ഒഴിയാന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ നിശ്ചിത തീയതിക്ക് മുമ്പ് തന്നെ ജലീല്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു. രാജിക്കത്ത് ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. രാജി നിലവില്‍ വന്ന് ഒരു മാസത്തിനകം പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ തീയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കും.
പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ ഏക അംഗം ടി എന്‍ സിന്ധു വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
19 അംഗ ഭരണ സമിതിയില്‍ ലീഗ് ഒമ്പത് കോണ്‍ഗ്രസ് ഒന്ന്, സി പി എം ആറ്, ഇടത് സ്വതന്ത്രന്‍ ഒന്ന്, ബി ജെ പി ഒന്ന് ബി ജെ പി സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

 

---- facebook comment plugin here -----

Latest