Connect with us

National

തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് പി ചിദംബരം; ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ മോദിയെ ചുമതലപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം രംഗത്ത്. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയമിച്ചിരിക്കുകയാണെന്ന് ചിദംബരം ആരോപിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങളുടെ തുടര്‍ച്ചയായാണ് ചിദംബരത്തിന്റെ പ്രസ്താവന. ഈ മാസം 22ന് മോദി ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ചിദംബരം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തില്‍ നിരവധി ആനുകൂല്യങ്ങളും സൗജന്യങ്ങളും ഗുജറാത്തിനായി പ്രഖ്യാപിക്കുമെന്നും ഇതിന് ശേഷമായിരിക്കും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നും ചിദംബരം കുറ്റപ്പെടുത്തി.

ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടും ഗുജറാത്തിലെ തീയതി പുറത്ത് വിട്ടിരുന്നില്ല. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിന് ബിജെ പിയെ സഹായിക്കാനാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.

 

Latest