Connect with us

Kannur

വാഹന ലൈറ്റുകള്‍ ബ്രൈറ്റും ഡിമ്മുമാക്കാന്‍ ഹൈ ബീം മാനേജ്‌മെന്റ് സിസ്റ്റം

Published

|

Last Updated

കണ്ണൂര്‍: രാത്രിയില്‍ വാഹനമോടിക്കുന്നവര്‍ ബ്രൈറ്റും ഡിമ്മുമാക്കി ഇനി മുഷിയേണ്ട. എതിരെ വരുന്ന വാഹനത്തിന്റെ സ്വഭാവം നോക്കി തനിയെ ലൈറ്റ് ഡിമ്മാകുന്ന കണ്ടുപിടിത്തവുമായി കണ്ണൂരിലിതാ ഒരു ഇലക്ട്രീഷ്യന്‍. വെറും 2,500 രൂപ ചിലവ് വരുന്ന ഹൈ ബീം മാനേജ്‌മെന്റ് സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ഏതൊരു ഇലക്ട്രീഷ്യനും വാഹനത്തില്‍ ഘടിപ്പിക്കാവുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുമ്പിലേക്ക് കടന്നുവരുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്ന #ോസെന്‍സറും വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ചെറിയൊരു ഉപകരണവും അടങ്ങിയതാണ് ഹൈ ബീം മാനേജ്‌മെന്റ് സിസ്റ്റം. രാത്രി കാലങ്ങളില്‍ ഹൈബീമില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ മറ്റൊരു വാഹനം അതേ രൂപത്തില്‍ വന്നാല്‍ ആ വാഹനത്തിന്റെ ഹൈ ബീം ഒരു സിഗ്നലായി സ്വീകരിച്ച് ഈ ഉപകരണം ഘടിപ്പിച്ച വാഹനത്തിന്റെ ലൈറ്റ് തനിയെ ഡിമ്മാകുന്നു. എതിരെയുള്ള വാഹനം കടന്നുപോയി പത്ത് സെക്കന്‍ഡ് പിന്നിട്ട ശേഷം വീണ്ടും വാഹനം ഹൈ ബീമിലേക്ക് തന്നെ മാറും.

രാത്രി കാലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ മൂന്ന് സെക്കന്‍ഡ് നേരമോ അതില്‍ കൂടുതലോ വാഹനം ബ്രേക്ക് ചെയ്യുകയാണെങ്കില്‍ വാഹനത്തിന്റെ വേഗത കുറയുകയും അതോടൊപ്പം തന്നെ ഹൈബീം സ്വമേധയാ ലോബീം ആവുകയും ചെയ്യുന്നു. ഡ്രൈവര്‍ ബ്രേക്കില്‍ നിന്ന് കാല് മാറ്റുന്നത് വരെ വാഹനം ലോബീമില്‍ തന്നെ തുടരുമെന്നതും ഈ ഉപകരണത്തിന്റെ പ്രത്യേകതയാണ്. ട്രാഫിക് സിഗ്നല്‍ പോയിന്റിലും മറ്റ് വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ അനുവാദം കൊടുക്കുമ്പോഴും വാഹനങ്ങള്‍ ഇന്റിക്കേറ്ററിന്റെ സഹായത്തോടെ വശങ്ങളിലേക്ക് തിരിയുമ്പോഴും സീബ്ര ക്രോസിംഗ് കടക്കുന്ന കാല്‍നട യാത്രക്കാര്‍ക്കു വേണ്ടി നിര്‍ത്തിക്കൊടുക്കുമ്പോഴും പൊട്ടിപ്പൊളിഞ്ഞ റോഡുകളിലും മറ്റും പുതിയ ഉപകരണം വളരെ ഉപകാരപ്രദമായിരിക്കുമെന്നാണ് ഹൈ ബീം മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ കണ്ടുപിടുത്തക്കാരന്‍ മുരളീധരന്റെ അഭിപ്രായം.
കണ്ണൂര്‍ മുണ്ടയാട് എളയാവൂര്‍ സ്വദേശിയായ മുരളീധരന്‍ കഴിഞ്ഞ പതിനാറ് വര്‍ഷത്തോളമായി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അഞ്ച് വര്‍ഷം മുമ്പാണ് പുതിയ ഉപകരണം കണ്ടുപിടിച്ചത്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിസൈനറാണിദ്ദേഹം. പുതിയ കണ്ടുപിടിത്തത്തിന്റെ പേറ്റന്റിന് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുകയാണിദ്ദേഹം.

 

Latest