ദുബൈ എയര്‍ഷോ നവംബര്‍ 12 മുതല്‍

Posted on: October 19, 2017 9:39 pm | Last updated: October 19, 2017 at 9:39 pm
SHARE

ദുബൈ: വാന വിസ്മയം തീര്‍ക്കാന്‍ ദുബൈ എയര്‍ ഷോ വീണ്ടും എത്തുന്നു. നവംബര്‍ 12 മുതല്‍ 16 വരെ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലാണ് പ്രദര്‍ശനം. ലോകത്തിലെ പ്രശസ്തമായ എല്ലാ വിമാനക്കമ്പനികളും മേളയിലെത്തും. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ആദ്യമായി എത്തുന്നുവെന്ന സവിശേഷതകൂടി ഇത്തവണത്തെ എയര്‍ ഷോക്കുണ്ട്.

രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് പ്രദര്‍ശനം. എയര്‍ബസ്, ബോയിങ്, ലുഫ്താന്‍സ, എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബൈ, മിത്സുബിഷി, റോള്‍സ് റോയിസ്, ഹണിവെല്‍ ബോയിങ്, സുഖോയ് തുടങ്ങി ലോകത്തിലെ പ്രശസ്തരായ കമ്പനികള്‍ ഷോയില്‍ വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കും.

ഓസ്ട്രേലിയ, കാനഡ, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, അയര്‍ലന്‍ഡ്, ജോര്‍ദാന്‍, റഷ്യ, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, യു.കെ, യുക്രൈന്‍ എന്നീ രാജ്യങ്ങള്‍ സ്വന്തം പവലിയനുമായാണ് എത്തുന്നത്.
വിമാനത്താവളത്തിലെ സുരക്ഷ, ചരക്ക് മേഖല, ഗള്‍ഫ് ഏവിയേഷന്‍ പരിശീലനം, ബഹിരാകാശം എന്നിങ്ങനെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന പ്രത്യേക പവലിയനുകളും ഇത്തവണത്തെ എയര്‍ഷോയില്‍ സജ്ജമാകുന്നുണ്ട്.
പതിവുപോലെ ആകാശത്ത് വിമാനങ്ങള്‍ നടത്തുന്ന പ്രദര്‍ശനവും എയര്‍ഷോയുടെ പ്രത്യേകതയാണ്. എല്‍ ഫുര്‍സാന്‍, എയര്‍ബസ് എ 350, അന്റനോവ്, ഫ്രഞ്ച് എയര്‍ഫോഴ്സ് ദസൗള്‍ട് റാഫേല്‍ എന്നിവക്കൊപ്പം ചൈനയുടെ ഒരു സംഘവും ഇത്തവണ അഭ്യാസങ്ങളുമായി എത്തും. വ്യോമ മേഖലയുമായി ബന്ധപ്പെട്ട നിരവധി സമ്മേളനങ്ങളും ഇതേ വേദികളിലായി നടക്കും. നവംബര്‍ 13, 14 തീയതികളിലാണ് സമ്മേളനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here