ചരിത്രാവശിഷ്ടങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ നിയമത്തിന് ശൈഖ് ഖലീഫയുടെ അംഗീകാരം

Posted on: October 19, 2017 8:23 pm | Last updated: October 19, 2017 at 8:23 pm

അബുദാബി: സാംസ്‌കാരിക പൈതൃകങ്ങളെ കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുള്ള ചരിത്രാവശിഷ്ടങ്ങള്‍ സംരക്ഷിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. ഇക്കാര്യത്തില്‍ 2017ലെ 11ാം നമ്പര്‍ ഫെഡറല്‍ നിയമത്തിന് ശൈഖ് ഖലീഫ അംഗീകാരം നല്‍കി. സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ദേശീയ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടുകകൂടി നിയമം ലക്ഷ്യമിടുന്നു. പുതിയ നിയമമനുസരിച്ച്, ചരിത്രാവശിഷ്ടങ്ങളും യു എ ഇയുടെ ഏതു ഭാഗത്തുള്ള ചരിത്രപ്രദേശങ്ങളും രാജ്യത്തിന്റെ പൊതുസ്വത്തായിരിക്കും. അവ സംരക്ഷിക്കലും ആവശ്യമായ പരിചരണങ്ങള്‍ ഉറപ്പുവരുത്തലും സാംസ്‌കാരിക, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും. ചരിത്രാവശിഷ്ടങ്ങളുടെ കൃത്യമായ കണക്കുകളും രേഖകളും സൂക്ഷിക്കേണ്ടതും സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചുമതലയായിരിക്കും.

മോഷ്ടിക്കപ്പെട്ടതോ അന്യരാജ്യങ്ങളിലേക്ക് കടത്തപ്പെട്ടതോ ആയ രാജ്യത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ തിരിച്ചുപിടിക്കാനും രാജ്യത്ത് തിരിച്ചെത്തിക്കാനും ബന്ധപ്പെട്ട വിഭാഗങ്ങളുമായി സഹകരിച്ച് ചെയ്യാനുള്ള അധികാരം പുതിയ നിയമം മന്ത്രാലയത്തിന് നല്‍കുന്നുണ്ട്. അതുപോലെ, നിയമാനുസൃതമല്ലാതെ മറ്റു രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന് രാജ്യത്ത് സൂക്ഷിക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങള്‍ അവയുടെ ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ ആവശ്യമായത് ചെയ്യാനും മന്ത്രാലയം മുന്‍കയ്യെടുക്കണം. അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തില്‍ തിരിച്ചുകാണിക്കേണ്ട മര്യാദകളുടെ ഭാഗമാണിത്.

നഷ്ടപ്പെടുമെന്നോ മോഷ്ടിക്കപ്പെടുമെന്നോ ഭയപ്പാടില്ലാത്ത സാഹചര്യത്തില്‍ രാജ്യത്തെ ജംഗമ ചരിത്രാവശിഷ്ടങ്ങള്‍ അന്യനാടുകളില്‍ നിയമവിധേയമായി പ്രദര്‍ശിപ്പിക്കാവുന്നതാണെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവ പ്രദര്‍ശിപ്പിക്കുന്നതിന് മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി തേടണം. രാജ്യത്തെ ഏതെങ്കിലും ഒരു ഭാഗത്ത് ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നപക്ഷം കണ്ടെത്തുന്നവര്‍ അവയില്‍ കൈകാര്യം ചെയ്യുന്നത് അനുവദനീയമല്ല. 24 മണിക്കൂറിനകം തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അതാത് എമിറേറ്റിലെ ബന്ധപ്പെട്ട വിഭാഗത്തിലോ വിവരമറിയിക്കണം, നിയമം അനുശാസിക്കുന്നു.

ചരിത്രാവശിഷ്ടങ്ങളും ചരിത്രസ്ഥലങ്ങളും കേടുപാടുവരുത്തുന്നതും അവ വികൃതമാക്കുന്നതും ഗുരുതരമായ കുറ്റമായി നിയമം വിശദീകരിക്കുന്നു. ബന്ധപ്പെട്ട വിഭാഗത്തിന്റെ അനുമതിയും നിര്‍ദേശവുമില്ലാതെ അവയുടെ മേല്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കലും ബോര്‍ഡുകള്‍ സ്ഥാപിക്കലും നിരോധിക്കപ്പെട്ടതാണ്. അധികൃതരുടെ അനുമതിയും ലൈസന്‍സുമില്ലാതെ ചരിത്രാവശിഷ്ടങ്ങള്‍ വില്‍പന നടത്തുന്നതും നിയമം നിരോധിക്കുന്നു.

ചരിത്രാവശിഷ്ടങ്ങള്‍ മോഷ്ടിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും താല്‍കാലിക ജയില്‍ ശിക്ഷയും നിയമം അനുശാസിക്കുന്നുണ്ട്. ചരിത്രാവശിഷ്ടങ്ങള്‍ നശിപ്പിക്കുകയോ വികൃതമാക്കുകയോ ചെയ്താല്‍ അഞ്ചുലക്ഷം മുതല്‍ ഒരു കോടിദിര്‍ഹം വരെ പിഴയും രണ്ടുവര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയുമായിരിക്കും ലഭിക്കുക.