Kerala
മൃഗങ്ങളിലും അര്‍ബുദം വ്യാപിക്കുന്നു; മുഖ്യകാരണം പ്ലാസ്റ്റിക് മാലിന്യം

മൃഗങ്ങളില്‍ അര്‍ബുദ രോഗം പടര്‍ന്നു പിടിക്കുന്നതായി വനംവകുപ്പിന്റെ കണ്ടെത്തല്‍. അടുത്ത കാലത്തായി കാട്ടിനുള്ളിലും മൃഗശാലകളിലും ഉള്‍പ്പെടെ ചത്തൊടുങ്ങുന്ന മൃഗങ്ങളുടെ മരണ കാരണം അര്‍ബുദമാണെന്ന്്് കണ്ടെത്തിയതായും വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. കൂടാതെ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും കന്നുകാലികള്‍ക്കും അര്‍ബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിശദമായ ഗവേഷണത്തിന് ഒരുങ്ങുകയാണ് മൃഗ സംരക്ഷണ വകുപ്പ്.
വനത്തിനുള്ളില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതും ഒരു പരിധിവരെ ഈ രോഗത്തിനു കാരണമാകുന്നുണ്ടെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്കും പശുക്കള്‍ക്കും അര്‍ബുദം ബാധിക്കുന്നത് പരിസര മലിനീകരണവും ആഹാര ക്രമത്തില്‍ വന്ന മാറ്റവുമാണെന്നും മൃഗ സംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
മൃഗങ്ങിലെ അര്‍ബുദ നിര്‍ണയത്തിനായി മൃഗ സംരക്ഷണ വകുപ്പിനു കീഴിലുള്ള പാലോട്ടെ ഗവേഷണ സ്ഥാപനത്തില്‍ പാത്തോളജി വിഭാഗത്തിനു കീഴില്‍ പ്രത്യേക ഡയഗ്‌നോസിസ്റ്റ് ഓങ്കോളജി ലാബോറട്ടറി തുടങ്ങിയിട്ടുണ്ട്. മൃഗാശുപത്രികളിലെ വെറ്ററിനറി ഡോക്ടറുടെ റഫറന്‍സോടു കൂടി പരിശോധിക്കാനുള്ള സജ്ജീകരണം ഇവിടെ ഒരുക്കിയിട്ടുണ്ട്. മൃഗങ്ങളില്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ അര്‍ബുദരോഗം കണ്ടുപിടിച്ച് രോഗത്തിന്റെ വ്യാപനം തടയാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം, വളര്‍ത്തു നായകളില്‍ നിന്നും മറ്റു മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് അര്‍ബുദ രോഗം പടരാന്‍ സാധ്യതയുണ്ടോയെന്ന് ഇതുവരെ ഗവേഷണങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ച പഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്. ഇതിനായി ബെംളൂരുവിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിന്റെ സഹായവും തേടിയേക്കും. ഇവിടുത്തെ വിദഗ്ധ സംഘത്തിന്റെ പഠനം ആവശ്യമായി വരുമെന്നും മൃഗസംരക്ഷണ വകുപ്പ്് അധികൃതര്‍ പറഞ്ഞു.