ഗുജറാത്തില്‍ ഇന്ന് ശക്തമായ വാഗ്ദാനപ്പെരുമഴക്ക് സാധ്യത: രാഹുല്‍ ഗാന്ധി

Posted on: October 16, 2017 3:51 pm | Last updated: October 17, 2017 at 10:17 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധിയുടെ പരിഹാസം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ഇന്ന് ശക്തമായ വാഗ്ദാനപ്പെരുമഴയ്ക്ക് സാധ്യത എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള രാഹുലിന്റെ ട്വീറ്റ്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോള്‍ സംസ്ഥാനത്തിന് 12,500 കോടി രൂപയുടെ പദ്ധതിപ്രഖ്യാപനം വരുന്നു എന്ന മാധ്യമവാര്‍ത്തയും ട്വീറ്റിനോടൊപ്പം രാഹുല്‍ ചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മോദി ഇന്ന് ഗുജറാത്തിലെ ജനങ്ങള്‍ക്കായി മോഹനവാഗ്ദാനങ്ങള്‍ നല്കുമെന്ന പരിഹാസമാണ് രാഹുലിന്റെ ട്വീറ്റില്‍ പ്രതിഫലിക്കുന്നത്.

അഹമ്മദാബാദിലാണ് മോദി ഇന്ന് പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുക. ബിജെപി അധ്യക്ഷന്‍ അമിത് ഷായും അദ്ദേഹത്തിനൊപ്പമുണ്ടാവും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടില്ല എന്നതുകൊണ്ട് തന്നെ മോദി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.