മുഴുവന്‍ റേഷന്‍ കടകളിലൂടെയും ബേങ്കിംഗ് സേവനം ലഭ്യമാക്കുന്ന നടപടികള്‍ക്ക് അടുത്ത ജനുവരിയില്‍ തുടക്കമാകും

കണ്ണൂര്‍
Posted on: October 16, 2017 12:59 pm | Last updated: October 16, 2017 at 12:59 pm

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലൂടെയും ബേങ്കിംഗ് സേവനം ലഭ്യമാക്കുന്ന നടപടികള്‍ക്ക് അടുത്ത ജനുവരിയില്‍ തുടക്കമാകും. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായുള്ള സാങ്കേതിക സജ്ജീകരണങ്ങള്‍ റേഷന്‍ കടകളില്‍ ഡിസംബറോടെ പൂര്‍ത്തിയാകുന്ന മുറക്കാണ് തൊട്ടടുത്ത മാസം തന്നെ ക്ഷേമ പെന്‍ഷനുകള്‍, ബേങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ റേഷന്‍ കടകളിലൂടെ ലഭ്യമാക്കാന്‍ നടപടി ഒരുങ്ങുന്നത്.

ഡിസംബറോടെ ആധാര്‍ ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെ ഡാറ്റാ ബേസ് പൊതുവിതരണ വകുപ്പിന്റെ ഡാറ്റാ ബേസുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകും. പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ ജില്ലകളിലും ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ 14,500 റേഷന്‍ കടകളിലും ബേങ്കിംഗ് സേവനം നടത്താനാകുമെന്നാണ് പൊതുവിതരണ വകുപ്പ് കണക്കുകൂട്ടുന്നത്. ബയോ മെട്രിക് സംവിധാനത്തിനായി ഉപയോഗിക്കുന്ന ഇ പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) മെഷീനില്‍ തന്നെ മിനി എ ടി എം ക്രമീകരിക്കാനാണ് തീരുമാനം. മൈക്രോ എ ടി എം ആയി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇ പോസ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇ പോസ് മെഷീനുകളുടെ പ്രവര്‍ത്തനത്തിന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി അത്യാവശ്യമാണെന്നതിനാല്‍ ഗ്രാമീണ മേഖലകളിലെ റേഷന്‍ കടകളിലുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് കണക്ടിവിറ്റി സര്‍വേ നടത്താന്‍ ഐ ടി മിഷനെ ഇതിനകം ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

റേഷന്‍ കാര്‍ഡുടമകള്‍ക്ക് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനും കഴിയുന്ന തരത്തിലാണ് സംവിധാനങ്ങള്‍ ഒരുങ്ങുന്നത്. എല്ലാ വിധത്തിലുള്ള ക്ഷേമ പെന്‍ഷനുകളും റേഷന്‍ കടകളിലെ ബേങ്കിംഗ് കിയോസ്‌ക്കുകള്‍ വഴി നല്‍കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നുണ്ട്. ദിവസം ഒരാള്‍ക്ക് പരമാവധി 10,000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയും വിധത്തിലായിരിക്കും പരിധി നിശ്ചയിക്കുക. ആര്‍ ബി ഐ നിര്‍ദേശമനുസരിച്ചായിരിക്കും ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുക. വിവിധ ബേങ്കുകളുടെ സേവനം ഇത്തരത്തില്‍ റേഷന്‍ കടകളിലൂടെ നല്‍കാനാകുമെന്നും കണക്കുകൂട്ടുന്നുണ്ട്.
സംസ്ഥാനത്തെ പൊതു വിതരണ സമ്പ്രദായത്തിന്റെ ആണിക്കല്ലായ 14,203 റേഷന്‍ വ്യാപാരികള്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഓരോ ഇടപാടിനും വ്യാപാരികള്‍ക്ക് അതതു ബേങ്കുകള്‍ കമ്മീഷന്‍ നല്‍കുന്നതിന് നടപടിയുണ്ടാകും. സംസ്ഥാനത്തെ 71 താലൂക്കുകളിലും റേഷന്‍ മൊത്ത വിതരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി സപ്ലൈകോയെ പ്രവര്‍ത്തന സജ്ജമാക്കി. വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ റേഷന്‍ വിതരണ സമ്പ്രദായം പഴുതടച്ച രീതിയില്‍ നടപ്പാക്കാനാണ് പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്.