വാനാക്രൈക്ക് പിന്നില്‍ ഉത്തര കൊറിയ: മൈക്രോസോഫ്റ്റ്

Posted on: October 16, 2017 12:09 am | Last updated: October 15, 2017 at 9:10 pm

ന്യൂയോര്‍ക്ക്: ലോകത്തെ നടുക്കിയ വാനാെ്രെക സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് മൈക്രോസോഫ്റ്റ്. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെ ഉത്തര കൊറിയന്‍ ഇടപെടലിനെ കുറിച്ച് വിവരങ്ങളും സൂചനകളും ലഭിച്ചിട്ടുണ്ടെങ്കിലും മൈക്രോസോഫ്റ്റിന്റെ ആരോപണം ഇതാദ്യമായാണ്. ആണവ പദ്ധതികളുടെ പേരില്‍ ഉത്തര കൊറിയക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ലോക രാജ്യങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് വാനക്രൈ സൈബര്‍ ആക്രമണം നടക്കുന്നത്.

അമേരിക്കയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വ്യക്തമാക്കി. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് വിവിധ സൈബര്‍ ടൂളുകള്‍ ഹാക്ക് ചെയ്‌തെടുത്താണ് ഉത്തരകൊറിയ വാനാക്രൈ ആക്രമണം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഐ ടി വി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രാഡ് സ്മിത്തിന്റെ വെളിപ്പെടുത്തല്‍.
ഉത്തര കൊറിയന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ജനങ്ങളുടെ സ്വത്ത്, രാജ്യസുരക്ഷ തുടങ്ങിയവ സംരക്ഷിക്കുന്നതിനായി ലോകരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് പുതിയ ഡിജിറ്റല്‍ നയത്തിന് രൂപം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മേയിലുണ്ടായ വാനാെ്രെക സൈബര്‍ ആക്രമണത്തില്‍ 150 രാജ്യങ്ങളിലായി രണ്ടുലക്ഷത്തിലേറെ കംപ്യൂട്ടറുകളാണ് ഹാക്കിംഗിന് ഇരയായിരുന്നത്. ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
1949ല്‍ ജനീവയില്‍ നടന്നത് പോലെയുള്ള അന്താരാഷ്ട്ര സമ്മേളനം സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വിളിച്ചുചേര്‍ക്കേണ്ടതുണ്ടെന്നും ഇത്തരം സൈബര്‍ ആക്രമണങ്ങളെ നേരിടേണ്ടതിനെ കുറിച്ച് ജനങ്ങള്‍ക്ക് നിരന്തരമായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയക്കെതിരെ യു എന്നിന്റെ നേതൃത്വത്തിലുള്ള ഉപരോധ നടപടികള്‍ ശക്തമായിക്കൊണ്ടിരിക്കുന്നത് പുതിയ സൈബര്‍ ആക്രമണത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കും.