Connect with us

Articles

ജയിച്ചവരുടെ തോല്‍വികള്‍

Published

|

Last Updated

വേങ്ങര ഫലം ഏറെ ആലോചനകള്‍ക്ക് വഴിവെക്കുന്നുണ്ട്. കരുത്തന്‍മാരെന്ന് കരുതിയിരുന്നവര്‍ക്ക് കാലിടറുന്നതും ഇടതുപക്ഷം കരുത്താര്‍ജിക്കുന്നതും ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ തിരിച്ചടിയുമെല്ലാം കേരളം നേരിട്ടു കണ്ടു. വരും ദിവസങ്ങളില്‍ രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്യേണ്ട ഉപതിരഞ്ഞെടുപ്പായി വേങ്ങര മാറിക്കഴിഞ്ഞു. വിജയം ആഘോഷിക്കുമ്പോഴും മുസ്‌ലിം ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ അവര്‍ക്കുണ്ടായിട്ടുള്ള തിരിച്ചടിയുടെ ആഘാതം കനത്തതാണ്. മുസ്‌ലിംലീഗിന്റെ ഉരുക്കുകോട്ട എന്നായിരുന്നു ഇതുവരെ മലപ്പുറത്തെ വിശേഷിപ്പിച്ചു കൊണ്ടിരുന്നത്. കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചാലും മലപ്പുറത്തെ സീറ്റുകളില്‍ വിജയിച്ച് ലീഗ് യു ഡി എഫിനെ രക്ഷിക്കുന്നതാണ് പതിവ്. എന്നാല്‍ 2004ല്‍ മഞ്ചേരി ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ പിന്നീട് നടന്ന പല തിരഞ്ഞെടുപ്പിലും ലീഗിന്റെ കോട്ടകളില്‍ വിള്ളല്‍ വീണ് തുടങ്ങിയിരുന്നു. ഇത് മനസ്സിലാക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നതാണ് വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും കാണിച്ച് തരുന്നത്. മുസ്‌ലിം ലീഗിന് മൃഗീയ ഭൂരിപക്ഷം നല്‍കാറുള്ള പഞ്ചായത്തുകളും ബൂത്തുകളുമെല്ലാം ഇത്തവണ ഇടതുപക്ഷത്തോട് ചായാന്‍ നോക്കുന്നതിന് കാരണം ഇഴകീറി പരിശോധിക്കേണ്ടി വരും ലീഗിന്. ആറ് പഞ്ചായത്തുകളിലും ലീഗിന്റെ ഭൂരിപക്ഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതില്‍ നിന്ന് പകുതിയായി ഇടിഞ്ഞു.

മുസ്‌ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള എ ആര്‍ നഗര്‍ പഞ്ചായത്തില്‍ നിന്നായിരുന്നു വോട്ട് കുറയുന്നതിന്റെ സൂചനകള്‍ ആദ്യം ലഭിച്ച് തുടങ്ങിയത്. ഇതുതന്നെയായിരുന്നു പിന്നീട് വോട്ട് എണ്ണിയ കണ്ണമംഗലത്തും വേങ്ങരയിലും ഊരകത്തും ഒതുക്കുങ്ങലിലും പറപ്പൂരിലുമെല്ലാം സംഭവിച്ചത്. ലീഗ് മാത്രം ഭരണം കുത്തകയാക്കി വെച്ച ഊരകത്ത് 2,648 വോട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകംകൂടിയായ ഊരകത്ത് പോലും കാലിനടിയിലെ മണ്ണ് ഇളകിത്തുടങ്ങുന്നത് ഗൗരവതരമാണ്. 80 ശതമാനത്തോളം മുസ്‌ലിം ന്യൂനപക്ഷ വിഭാഗം മാത്രമുള്ള മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച പാര്‍ട്ടി നേതൃത്വത്തെ പിടിച്ചുലച്ചിട്ടുണ്ട്. ഇതിനുള്ള കാരണം തേടി ലീഗിന് ഏറെ തലപുകക്കേണ്ടി വരും. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടും ലീഗിന് നേട്ടമുണ്ടാക്കാനായില്ലെന്നത് വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38,057 വോട്ടിന്റെ ഭൂരിപക്ഷമാണ് പി കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. ആറ് മാസം മുമ്പ് നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ 40,259 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു വേങ്ങരയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി നേടിയത്. എന്നാല്‍ ഇന്നലെയത് 23,310 വോട്ടിന്റെ ഭൂരിപക്ഷമായി കുറയുകയാണ് ചെയ്തത്. പരമ്പരാഗത വോട്ടുകളെന്ന് ലീഗ് കരുതുന്ന പലതും ഇടത് പോക്കറ്റുകളിലേക്കും എസ് ഡി പി ഐക്കും എത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പച്ചക്കോട്ടയില്‍ ഇടതുപക്ഷമുണ്ടാക്കിയ മുന്നേറ്റം കാണാതിരിക്കാനാകില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7,793 വോട്ട് അധികമായി ഇത്തവണ വേങ്ങരയില്‍ ഇടത്സ്ഥാനാര്‍ഥി പി പി ബശീറിന് നേടാനായി. അഞ്ച് ശതമാനം ലീഗിന് താഴ്ന്നപ്പോള്‍ ഏഴ് ശതമാനം എല്‍ ഡി എഫിന് വര്‍ധിച്ചു. സാങ്കേതികമായി യു ഡി എഫിന് വിജയം അവകാശപ്പെടാമെങ്കിലും രാഷ്ട്രീയപരമായി തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ഇടതുപക്ഷമാകട്ടെ പ്രതീക്ഷിച്ചതിലേറെ നേട്ടമുണ്ടാക്കുകയും ചെയ്തു.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ ലീഗിന് കടുത്ത വെല്ലുവിളിയായി. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചെങ്കിലും വിലപ്പോയില്ല. സമ്മര്‍ദ തന്ത്രത്തിലൂടെ സ്ഥാനാര്‍ഥിയായി എന്ന ആക്ഷേപം പോളിംഗ് ബൂത്തിലെത്തുന്നത് വരെ കെ എന്‍ എ ഖാദറിനെ പിന്തുടര്‍ന്നു. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതൃത്വത്തിന് താത്പര്യമില്ലാതെയാണ് ഖാദര്‍ മത്സരിച്ചത്. നാട്ടുകാരനെന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം കെ എന്‍ എ ഖാദറിനില്ലെന്നും ഇത് വോട്ട് കുറയാനുള്ള കാരണമായിട്ടുണ്ടെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പറയുന്നത്. എന്നാല്‍, ഇത് മാത്രമല്ല കാരണമെന്ന് ഫലം കൃത്യമായി പരിശോധിച്ചാല്‍ വ്യക്തമാകും.
പ്രതിരോധത്തിലായ സലഫികളെ സംരക്ഷിക്കാനുള്ള അമിതമായ ഉത്സാഹവും നേതാക്കളുടെ സലഫി ബാന്ധവവും സംഘ്പരിവാര്‍ ശക്തികളെ എതിര്‍ക്കുന്നതിലുള്ള വീഴ്ചയുമെല്ലാം കാരണമായി വിലയിരുത്തേണ്ടി വരും. സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ മുഖ്യമന്ത്രിയും ഇടതുപക്ഷവും ശക്തമായി ആഞ്ഞടിക്കുമ്പോഴും യു ഡി എഫ് നേതാക്കള്‍ സി പി എം വിമര്‍ശനം തുടരുകയായിരുന്നു. ഒരുപരിധിവരെ എസ് ഡി പി ഐക്കാരുടെ ഭാഷയിലായിരുന്നു പല ലീഗ് നേതാക്കളുടെയും പ്രതികരണങ്ങള്‍. ലീഗിന് ലഭിക്കേണ്ടിയിരുന്ന മതേതര വോട്ടുകള്‍ ഒലിച്ചുപോകാന്‍ ഇതും കാരണമായി. ഫാസിസത്തെ ചെറുക്കാന്‍ വോട്ട് തേടിയ ശേഷം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലീഗ് നേതാക്കള്‍ വോട്ട് ചെയ്യാതിരുന്നതും ലീഗിന് വിശദീകിരിക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് ദിവസം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ യു ഡി എഫ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് തിരിച്ചടിയായി എന്ന് കരുതുക പ്രയാസമാണ്. എന്നാല്‍, അത് പ്രവര്‍ത്തകര്‍ക്കിടയില്‍ അങ്കലാപ്പ് സൃഷ്ടിക്കുന്നതില്‍ വിജയിച്ചു.

ജനരക്ഷായാത്രയില്‍ ഇടതുപക്ഷത്തെ നിരന്തരം വേട്ടയാടുമ്പോഴും കോണ്‍ഗ്രസിനെതിരെ ബി ജെ പി നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നു. സംഘ്പരിവാറിനെതിരെ പോരാടാന്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന തലത്തിലേക്ക് വോട്ടര്‍ ചിന്തിച്ചതിന്റെ തെളിവ് കൂടിയായി വേണം പി പി ബശീറിന് ലഭിച്ച അധിക വോട്ടുകളെ കാണാന്‍. എസ് ഡി പി ഐ നേടിയ മൂന്നാം സ്ഥാനം അവരുടെ സ്വന്തം വോട്ട് ബേങ്കില്‍ നിന്നുണ്ടാക്കിയതല്ല. വേങ്ങരയില്‍ എസ് ഡി പി ഐക്ക് സ്വന്തമായി വോട്ട് ബേങ്കില്ല എന്ന് വ്യക്തമാണ്. ഹാദിയ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അവരുടെ സ്ഥാനാര്‍ഥി കെ സി നസീര്‍ പ്രചാരണം നടത്തിയിരുന്നത്. ഫാസിസത്തെ ചെറുക്കുന്നതില്‍ മുന്നണികള്‍ പരാജയമാണെന്ന പ്രചാരണങ്ങള്‍ ചെറിയൊരു വിഭാഗത്തെ സ്വാധീനിച്ചു. 3,049 വോട്ടാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐക്ക് വേങ്ങരയിലുണ്ടായിരുന്നത്. ഇത്തവണ 5599 വോട്ടാണ് എസ് ഡി പി ഐക്ക് അധികം ലഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ലീഗിനേക്കാള്‍ കഴിയുക എസ് ഡി പി ഐക്കാണെന്ന തോന്നലുണ്ടാക്കാന്‍ അവര്‍ക്ക് പ്രചാരണത്തിലൂടെ കഴിഞ്ഞതിന്റെ കൂടി ഫലമാണിത്. സമാനമായ പ്രസ്താവനകളിറക്കി ലീഗ് നേതാക്കള്‍ എസ് ഡി പി ഐയുടെ ജോലി എളുപ്പമാക്കുകയും ചെയ്തു. ലീഗിന് ലഭിക്കേണ്ട വോട്ടുകള്‍ തന്നെയാണ് എസ് ഡി പി ഐയെ മുന്നാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്.

വേങ്ങരയിലെ ജനവിധിയില്‍ നിന്ന് ബി ജെ പിക്കും ഏറെ പഠിക്കാനുണ്ട്. മതേതരത്വവും സൗഹൃദാന്തരീക്ഷവും കാംക്ഷിക്കുന്ന കേരളത്തില്‍ വര്‍ഗീയതയും മതധ്രുവീകരണവും നടത്തി നേട്ടം കൊയ്യാമെന്ന മോഹം ഇനിയും വിലപ്പോകില്ലെന്ന് വ്യക്തമാക്കുന്നതാണ് വേങ്ങരയിലെ തിരഞ്ഞെടുപ്പ് ഫലം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ജനരക്ഷാ യാത്ര ഉള്‍പ്പെടെ നടത്തി ബി ജെ പി വര്‍ഗീയ ചീട്ടിറക്കി നോക്കിയെങ്കിലും ശക്തമായ തിരിച്ചടിയാണ് വേങ്ങര നല്‍കിയത്. ഇത് കേരളത്തിന്റെ മതേതര ശക്തികളുടെ വിജയമായിട്ട് കൂടി വേണം കാണാന്‍. “ജിഹാദി ചുവപ്പന്‍ ഭീകരത” കേരളത്തിലുണ്ടെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കേറ്റ പ്രഹരമാണ് വേങ്ങരയില്‍ ബി ജെ പിയെ നാലാം സ്ഥാനത്തെത്തിച്ചത്. 7,055 വോട്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ ബി ജെ പിയുടെ വോട്ട്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വാടിത്തുടങ്ങിയ താമര വേങ്ങരയില്‍ കരിഞ്ഞുണങ്ങി. 5,952 വോട്ടാണ് ലോക്‌സഭയിലേക്ക് ലഭിച്ചതെങ്കില്‍ ഇന്നലെ 5728ലേക്ക് കൂപ്പു കുത്തി.
2004ല്‍ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ കെ പി എ മജീദിനെ പരാജയപ്പെടുത്തി ടി കെ ഹംസ വന്‍ വിജയം നേടിയതോടെ മലപ്പുറത്ത് ചുവപ്പ് കാറ്റ് വീശിത്തുടങ്ങിയിരുന്നു. അതിന്റെ തുടര്‍ചലനങ്ങള്‍ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ കോട്ടയായ താനൂര്‍ നഷ്ടമായി. മങ്കടയും തിരൂരങ്ങാടിയും ആടിയുലഞ്ഞു. നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രമാണ് ഇവിടെ ലീഗ് കടന്ന് കൂടിയത്. കഴിഞ്ഞ മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ വോട്ടില്‍ വര്‍ധനവുണ്ടായി. മലപ്പുറം എന്നും ലീഗിനൊപ്പം നില്‍ക്കുമെന്ന് ഇനി എത്രകാലം പറയാനാകും? തോല്‍വികളില്‍ നിന്ന് പാഠമുള്‍കൊണ്ട് നയവും രീതികളും മാറ്റാന്‍ ലീഗ് തയ്യാറായില്ലെങ്കില്‍ മലപ്പുറം കോട്ടയും തകര്‍ന്നടിയുക തന്നെ ചെയ്യും.

 

---- facebook comment plugin here -----

Latest