പി എസ് സി ലാസ്റ്റ്‌ഗ്രേഡ് പരീക്ഷ ജനുവരിയില്‍

Posted on: October 15, 2017 9:53 pm | Last updated: October 15, 2017 at 9:53 pm

തിരുവനന്തപുരം: പി എസ് സി വിവിധ വകുപ്പുകളിലേക്ക് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് ജനുവരി മാസത്തില്‍ നടക്കും. ബിരുദധാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതുകൊണ്ട് ഇക്കുറി അപേക്ഷകര്‍ കുറവായതിനാല്‍ 14 ജില്ലകള്‍ക്കുള്ള പരീക്ഷ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് 14 ജില്ലകളിലുമായി 8,54,811 അപേക്ഷകരാണുള്ളത്. ഇതിനു മുമ്പ് ആറര ലക്ഷം പേര്‍ അപേക്ഷിച്ച ബിവറേജസ് കോര്‍പറേഷന്‍ എല്‍ ഡി സി പരീക്ഷ ഒറ്റ ദിവസമാണ് പി എസ് സി നടത്തിയത്. 8.5 ലക്ഷം പേര്‍ക്ക് ഒരുമിച്ച് പരീക്ഷാ സൗകര്യം ഒരുക്കാനാകുമെങ്കില്‍ അത് പി എസ് സിയുടെ ചരിത്രത്തിലെ റെക്കോഡായിരിക്കും.

ജനുവരി 6, 20, 27 എന്നീ തീയതികളിലേതെങ്കിലും ഒരു ദിവസമായിരിക്കും പരീക്ഷ നടക്കുന്നത്. ഈ ദിവസങ്ങളില്‍ സ്‌കൂളുകളുടെ സൗകര്യം പി എസ് സി പരിശോധിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനത്തിനെതിരെ കോടതിയില്‍ കേസുണ്ടെങ്കിലും പരീക്ഷാ നടത്തിപ്പിന് തടസമില്ലെന്നാണ് പി എസ് സിക്ക് ലഭിച്ച നിയമോപദേശം. അതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ വൈകിക്കേണ്ടെന്ന് കമ്മീഷനില്‍ ധാരണയുണ്ടായത്. ലാസ്റ്റ് ഗ്രേഡിന്റെ കഴിഞ്ഞ വിജ്ഞാപനത്തിന് 13.10 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്. ബിരുദധാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഇത്തവണ 4,55,892 അപേക്ഷകരാണ് കുറഞ്ഞത്. സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിയിലൂടെയാണ് ലാസ്റ്റ് ഗ്രേഡ് തസ്തികക്ക് ബിരുദധാരികളെ ഒഴിവാക്കിയത്.