പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഗംഭീര തിരിച്ചുവരവ്; ബിജെപി സ്ഥാനാര്‍ത്ഥി ഒരു ലക്ഷം വോട്ടിന് പിന്നില്‍

Posted on: October 15, 2017 12:05 pm | Last updated: October 15, 2017 at 6:53 pm

ചണ്ഡിഗഢ് : പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഗംഭീര തിരിച്ചുവരവ്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഗുര്‍ദാസ്പുരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ഝാക്കറിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു. ബിജെപി സ്ഥാനാര്‍ഥി സ്വരണ്‍ സിങ് സലാരിയ രണ്ടാം സ്ഥാനത്തുണ്ട്. എഎപിയുടെ സ്ഥാനാര്‍ഥി മേജര്‍ ജനറല്‍ (റിട്ട) സുരേഷ് ഖജൂരിയ മൂന്നാമതാണ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക്, ഇപ്പോഴും ഇവിടെ നിലയുറപ്പിക്കാനായിട്ടില്ലെന്ന സൂചനയാണ് തിരഞ്ഞെടുപ്പു ഫലം നല്‍കുന്നത്.
പ്രമുഖ ചലച്ചിത്രതാരം കൂടിയായ വിനോദ് ഖന്ന 2014ല്‍ ഇവിടെ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചതാണ്. മോദി തരംഗം സര്‍വത്ര ശക്തി പ്രാപിച്ചുനിന്ന 2014ല്‍ 1,36,065 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഖന്ന ജയിച്ചുകയറിയത്. അര്‍ബുദം ബാധിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഒഴിവു വന്നത്. വിനോദ് ഖന്ന ഗുരുദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നാലു തവണ വിജയിച്ചിരുന്നു; ഒരു തവണ പരാജയപ്പെടുകയും ചെയ്തു. ബിജെപിയുടെ ഉരുക്കുകോട്ടയാണ് ഗുരുദാസ്പുര്‍ എന്ന് കരുതിയിരുന്നെങ്കിലും 2009ലാണ് കോണ്‍ഗ്രസ് ഇവിടെ അട്ടിമറി വിജയം നേടിയത്.</ു>

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് സുനില്‍ ഝാക്കറിന്റെ ഭൂരിപക്ഷം 1,08,230 ആയി ഉയര്‍ന്നു. ആദ്യ റൗണ്ടില്‍ത്തന്നെ 14,316 വോട്ടുകള്‍ ലീഡ് നേടി സുനില്‍ ജാഖര്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ അടുത്ത അനുയായിയായ ഝാക്കര്‍, പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ്. ബിജെപിഅകാലിദള്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ഇദ്ദേഹം, ലോക്‌സഭാ മുന്‍ സ്പീക്കര്‍ ബല്‍റാം ഝാക്കറിന്റെ മകനാണ് സുനില്‍.