വേങ്ങരയില്‍ കെഎന്‍എ ഖാദര്‍ വിജയിച്ചു; 23,310 വോട്ടിന്റെ ഭൂരിപക്ഷം

Posted on: October 15, 2017 8:53 am | Last updated: October 15, 2017 at 9:36 pm

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും മുസ്‌ലിം ലീഗില്‍ വോട്ട് ചോര്‍ച്ച. യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ 23,310 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. വേങ്ങര മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഖാദറിന് നേടാനായത്. 65,227 വോട്ടാണ് കെ എന്‍ എ ഖാദറിന് ലഭിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ഥി പി പി ബശീര്‍ 41,917 വോട്ട് നേടി മുസ്‌ലിം ലീഗ് കേന്ദ്രങ്ങളെ വിറപ്പിച്ചു. 8,648 വോട്ട് ലഭിച്ച എസ് ഡി പി ഐ സ്ഥാനാര്‍ഥി കെ സി നസീറാണ് മൂന്നാം സ്ഥാനത്ത്.

വേങ്ങരയില്‍ നേട്ടമുണ്ടാക്കാമെന്ന് പ്രതീക്ഷിച്ച ബി ജെ പിക്ക് 5,728 വോട്ട് നേടി നാലാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് സാധിച്ചത്. ലീഗ് വിമതനായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ഹംസക്ക് 442 വോട്ടും മറ്റൊരു സ്വതന്ത്രന്‍ ശ്രീനിവാസിന് 159 വോട്ടും ലഭിച്ചു. നോട്ടക്ക് 502 പേര്‍ വോട്ട് ചെയ്തു.
മുസ്‌ലിം ലീഗിന്റെ കോട്ടയായ വേങ്ങരയില്‍ ലീഗിന്റെ വോട്ടില്‍ ശക്തമായ വിളളലേല്‍പ്പിക്കാന്‍ കഴിഞ്ഞതാണ് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ നേട്ടം. വേങ്ങരയിലെ ആറ് പഞ്ചായത്തുകളിലും എല്‍ ഡി എഫിനാണ് ഭൂരിപക്ഷം. മുസ്‌ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തുകള്‍ പോലും കെ എന്‍ എ ഖാദറിനെ കൈവിട്ടു. തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ നടന്ന വോട്ടെണ്ണിലില്‍ ഒരിക്കല്‍ പോലും ഇടത് സ്ഥാനാര്‍ഥിക്ക് മുന്നിലെത്താന്‍ സാധിച്ചില്ലെങ്കിലും വോട്ടിംഗ് ശതമാനത്തില്‍ വന്‍ വര്‍ധനവുണ്ടാക്കാനായി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി നേടിയ 38,057 എന്ന മൃഗീയ ഭൂരിപക്ഷത്തിന്റെ അടുത്തെത്താന്‍ പോലും ഖാദറിന് കഴിഞ്ഞില്ല. അന്ന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് നേടിയ പി പി ബശീറാണ് ഇന്നലെ ഖാദറിന്റെ വിജയത്തിന് മാറ്റ് കുറച്ചത് എന്നത് ശ്രദ്ധേയമാണ.് ഇ അഹമ്മദിന്റെ മരണത്തിന് ശേഷം നടന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നേടിയത് 40,529 ഭൂരിപക്ഷമായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതു മുന്നണിക്ക് 7,793 വോട്ടുകള്‍ വേങ്ങര മണ്ഡലത്തില്‍ വര്‍ധിച്ചു. 2011ല്‍ കുഞ്ഞാലിക്കുട്ടി നേടിയതിനേക്കാള്‍ 14,747 വോട്ട് കുറവ് മാത്രമാണ് കെ എന്‍ എ ഖാദറിന് നേടാനായത്. 2011ല്‍ യു ഡി എഫിന് 72,181 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 65,227 വോട്ടുകളാണ് ലഭിച്ചത്.
കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയും കേന്ദ്ര മന്ത്രിമാരും ഒഴുകിയെത്തിയിട്ടും ബി ജെ പിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് പോലും നേടാനായില്ല. മലപ്പുറം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് കുറവുണ്ടായതിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണയും കനത്ത പരാജയം ഏറ്റത് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

വിജയം പ്രതീക്ഷിച്ചിരുന്ന ലീഗ് പ്രവര്‍ത്തകര്‍ വോട്ടെണ്ണുന്നതിന് മുമ്പെ ആഹ്ലാദ പ്രകടനവുമായി റോഡിലേക്കിറങ്ങിയിരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ വിജയാഘോഷം രാത്രി ഏറെ വൈകുന്നത് വരെ നീണ്ടു നിന്നു.